എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങൾ കെ.പി.എ.സി ലീലക്കും വേട്ടക്കുളം ശിവാനന്ദനും

എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങൾ കെ.പി.എ.സി ലീലക്കും വേട്ടക്കുളം ശിവാനന്ദനും

മലയാള നാടകരംഗത്ത് സമഗ്ര സംഭാവന നല്‍കിയവർക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരം പ്രഖ്യാപിച്ചു. 2021ലെ പുരസ്‌കാരത്തിന് അഭിനേത്രി കെ.പി.എ.സി ലീലയും 2022ലെ പുരസ്‌കാരത്തിന് നടനും സംവിധായകനുമായ വേട്ടക്കുളം ശിവാനന്ദനും അർഹരായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയും സന്ധ്യ രാജേന്ദ്രന്‍, മുഹമ്മദ് പേരാമ്പ്ര, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ചെറുപ്രായത്തില്‍ നൃത്തരംഗത്ത് സജീവമായിരുന്ന ലീല കേരള പ്രോഗ്രസീവ് തിയേട്രിക്കല്‍ അസോസിയേഷനിലൂടെയാണ് നാടകരംഗത്തെത്തിയത്. 1958ല്‍ കെ.പി.എ.സിയില്‍ ചേര്‍ന്നു. ‘പൂക്കാലം’ എന്ന സിനിമയിലൂടെ സമീപകാലത്ത് ജൂറി പരാമർശം നേടിയിരുന്നു. ഏഴ് പതിറ്റാണ്ടിലധികമായി നാടകരംഗത്ത് സജീവമായ വേട്ടക്കുളം ശിവാനന്ദന്‍ തിരുവനന്തപുരം സ്വദേശിയാണ്. സ്‌കൂള്‍ പഠനകാലത്ത് നാടകത്തിലെത്തി. കേരള തിയേറ്റേഴ്‌സ് എന്ന പ്രഫഷണല്‍ നാടക സംഘത്തിന്‍റെ ഡയറക്ടരും നടനും ദീപ സംവിധായകനുമാണ്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Previous Post Next Post