പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
പൗരത്വ ഭേദഗതി നിയമവും പൗരത്വ ഭേദഗതി ചട്ടങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഉപഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഏപ്രില്‍ എട്ട് വരെ സുപ്രീം കോടതി സമയം അനുവദിച്ചു. പൗരത്വ നിയമത്തിനെതിരായ ഹര്‍ജികള്‍ ഏപ്രില്‍ 9ന് പരിഗണിക്കും.
പൗരത്വ ഭേദഗതി നിയമം 2019, പൗരത്വ ഭേദഗതി ചട്ടങ്ങൾ 2024 എന്നിവ സ്റ്റേ ചെയ്യാനുള്ള അപേക്ഷകൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. സിഎഎയെ ചോദ്യം ചെയ്ത് 237 റിട്ട് ഹർജികൾ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2022 ഒക്ടോബർ 31-നാണ് ഇവ അവസാനമായി കോടതിയിൽ ലിസ്റ്റ് ചെയ്തത്. മാർച്ച് 11-ന്, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി ചട്ടങ്ങൾ 2024 വിജ്ഞാപനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നിയമവും ചട്ടങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്.