ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനം: മുഖ്യ സൂത്രധാരൻ പിടിയിൽ
ന്യൂഡൽഹി | ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. മുസമ്മിൽ ഷെരീഫ് എന്നയാളാണ് പിടിയിലായത്. കർണാടകയിലെ 12ഉം തമിഴ്‌നാട്ടിലെ അഞ്ചും ഉത്തർപ്രദേശിലെ ഒരിടത്തും ഉൾപ്പെടെ 18 സ്ഥലങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇയാൾ പിടിയിലായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് മൂന്നിനാണ് എൻ ഐ എ കേസ് ഏറ്റെടുത്തത്. സ്‌ഫോടനം നടത്തിയ മുഖ്യപ്രതി മുസാവിർ ഷസീബ് ഹുസൈനെ നേരത്തെ തന്നെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. മറ്റ് കേസുകളിൽ ഏജൻസി അന്വേഷിക്കുന്ന മറ്റൊരു സൂത്രധാരനായ അബ്ദുൾ മത്തീൻ താഹയെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എൻ ഐ എ അറിയിച്ചു. രണ്ട് പേർക്കും വേണ്ടി തിരച്ചിൽ തുടരുകയാണെന്നും എൻ ഐ എ കേന്ദ്രങ്ങൾ വ്യക്തമാക്കി. ഈ രണ്ട് പ്രതികൾക്കും ഇപ്പോൾ പിടിയിലായ മുസമ്മിൽ ശരീഫ് ലോജിസ്റ്റിക് പിന്തുണ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി എൻ ഐ എ അറിയിച്ചു.
മൂന്ന് പ്രതികളുടെയും വീടുകളിലും മറ്റ് സംശയിക്കുന്നവരുടെ താമസ സ്ഥലങ്ങളിലും കടകളിലും ഇന്ന് അന്വേഷണ സംഘം റെയ്ഡ് നടത്തി. പരിശോധനയിൽ വിവിധ ഡിജിറ്റൽ ഉപകരണങ്ങളും പണവും പിടിച്ചെടുത്തു. ഒളിവിലുള്ള പ്രതികളെ പിടികൂടാനും സ്‌ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എൻഐഎ അറിയിച്ചു.