അനന്തുവിന്റെ മരണം: കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചു വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥിയുടെ കുടുംബത്തെ വിഴിഞ്ഞെത്തെത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ബിഡിഎസ് വിദ്യാര്‍ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു, അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കുമ്പോള്‍ ഈ കാര്യം കൂടി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നു പറഞ്ഞ മന്ത്രി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ ആകില്ലെന്നും പറഞ്ഞു.