കോഴിമാലിന്യ സംഭരണ ശാലക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച

കോഴിമാലിന്യ സംഭരണ ശാലക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച
കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പില്‍ ആരംഭിക്കാന്‍ പോകുന്ന കോഴിമാലിന്യ സംഭരണ ശാലക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്തെത്തി. പരിസര മലിനീകരണവും പൊതു ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നവും സൃഷ്ടിക്കാവുന്ന മാലിന്യ സംഭരണ ശാലയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കടങ്ങോട് എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.
കോഴി അവശിഷ്ടങ്ങള്‍ സംസ്‌ക്കരിച്ച് ഡോഗ് ഫുഡ് ഉണ്ടാക്കാനെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മാലിന്യ സംഭരണശാല ആരംഭിക്കുവാന്‍ പോകുന്നതെന്ന് യുവമോര്‍ച്ച ആരോപിച്ചു. കോഴി അവശിഷ്ടങ്ങള്‍ വന്‍തോതില്‍ സംഭരിച്ച് മറ്റെന്തൊക്കെയോ ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാനാണ് ഉടമയുടെ ശ്രമം.

പാണ്ടിക്കാട് സ്വദേശിയാണ് സംഭരണശാല നിര്‍മ്മിക്കുന്നത്. ഭാവിയില്‍ മാലിന്യങ്ങളില്‍ നിന്ന് പരിസരത്തെ മണ്ണും ജലവും വായുവും മലിനപ്പെടും. ഇത്തരത്തില്‍ സംരംഭങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധവും ആരോഗ്യ പ്രശ്‌നവും മൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവിടെയെല്ലാം ജനങ്ങളുടെ പ്രതിഷേധം നടക്കുകയാണെന്നും നിര്‍മ്മാണത്തിനെന്ന പേരില്‍ പഞ്ചായത്തില്‍ നിന്ന് പെര്‍മിറ്റെടുത്ത് മണ്ണെടുപ്പും കരിങ്കല്‍ ഖനനവും നടത്തുന്നുണ്ടെന്നും യുവമോര്‍ച്ച ആരോപിച്ചു. പഞ്ചായത്തിലും വില്ലേജിലും പരാതി നല്‍കുമെന്നും നടപടിയില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും കടങ്ങോട് പഞ്ചായത്ത് മെമ്പര്‍ കൂടിയായ അഭിലാഷ് അറിയിച്ചു
Previous Post Next Post