അറസ്റ്റിലായ കെജരിവാളിന്റെ സുരക്ഷയില്‍ ആശങ്കയെന്ന് എഎപി

അറസ്റ്റിലായ കെജരിവാളിന്റെ സുരക്ഷയില്‍ ആശങ്കയെന്ന് എഎപി
ന്യൂഡല്‍ഹി | മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന.തെളിവുകള്‍ ഒന്നുമില്ലാതെയാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും അവര്‍ ആരോപിച്ചു. കെജരിവാള്‍ വെല്ലുവിളിയാണെന്ന് മോദിക്കറിയാം.

ഇത് ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറെ അറസ്റ്റ് ചെയ്തു.അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്.

ഇന്‍കം ടാക്‌സിലെ ജോലി ഉപേക്ഷിച്ച് ജനസേവനത്തിനായി തെരുവിലിറങ്ങിയ ആളാണ് കെജരിവാള്‍. അദ്ദേഹത്തെ പ്രചാരണ രംഗത്തുനിന്നും മാറ്റി നിര്‍ത്തി ഏകപക്ഷീയമായ വിജയം നേടാമെന്ന് ബിജെപി കരുതേണ്ട. പ്രതിപക്ഷത്തെ തീര്‍ക്കാനാണ് ബിജെപി ശ്രമമെന്നും അതിഷി ആരോപിച്ചു

അതേസമയം അരവിന്ദ് കേജരിവാള്‍ അറസ്റ്റിലായതില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ സമര പരമ്പര തീര്‍ക്കാനാണ് എഎപി തീരുമാനം. രാവിലെ പത്തിന് ഡല്‍ഹിയില്‍ ഉപരോധ സമരം സംഘടിപ്പിക്കും.

വന്‍ പ്രതിഷേധം കണക്കിലെടുത്ത് കേജരിവാളിന്റെ വസതിക്കു മുന്നില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
Previous Post Next Post