മധുരയിലെയും ദിണ്ടിഗലിലെയും സി പി എം സ്ഥാനാര്‍ഥികള്‍ പിന്തുണ തേടി കോണ്‍ഗ്രസ് ആസ്ഥാനത്ത്

മധുരയിലെയും ദിണ്ടിഗലിലെയും സി പി എം സ്ഥാനാര്‍ഥികള്‍ പിന്തുണ തേടി കോണ്‍ഗ്രസ് ആസ്ഥാനത്ത്
ചെന്നൈ | മധുരയിലെയും ദിണ്ടിഗലിലെയും സി പി എം സ്ഥാനാര്‍ഥികള്‍ തമിഴ്‌നാട് പി സി സി ഓഫീസ് സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ഥിച്ചു. പി സി സി പ്രസിഡന്റ് സെല്‍വപെരുന്തഗൈ സ്ഥാനാര്‍ഥികളെ സ്വീകരിച്ചു. ഡി എം കെ സഖ്യത്തിലാണ് രണ്ടു പാര്‍ട്ടികളും മത്സരിക്കുന്നത്.

മധുരയില്‍ സിറ്റിങ് എം പി സു. വെങ്കിടേശനാണ് വീണ്ടും മത്സരിക്കുന്നത്. ദിണ്ടിഗലില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദന്‍ ആണ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ കോയമ്പത്തൂരിലും മധുരയിലും മത്സരിച്ച സി പി എം സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു. ഇത്തവണ ഡി എം കെ കോയമ്പത്തൂര്‍ സീറ്റ് ഏറ്റെടുത്ത് ഡി എം കെ യുടെ ശക്തികേന്ദ്രമായ ദിണ്ടിഗല്‍ സി പി എമ്മിനു നല്‍കുകയായിരുന്നു.

ബി ജെ പി കോയമ്പത്തൂര്‍ സീറ്റില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ തയ്യാറെടുത്ത സാഹചര്യത്തിലായിരുന്നു സി പി എമ്മിന്റെ സിറ്റിങ് സീറ്റില്‍ ഡി എം കെ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. സി പി എമ്മിനും ഇടത് പാര്‍ട്ടികള്‍ക്കും ദിണ്ടിഗലില്‍ മെച്ചപ്പെട്ട സ്വാധീനമുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയായ സച്ചിദാനന്ദന്‍ വിജയിച്ചാല്‍ ദിണ്ടിഗലിലെ ആദ്യ സി പി എം എംപിയാകും അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ തമിഴ്‌നാട്ടിലെ സി പി എം പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയും എം കെ സ്റ്റാലിനും ഇടം പിടിച്ചു. മധുരയിലെ സിറ്റിംഗ് എം പി സു വെങ്കടേശന്റെ പോസ്റ്ററിലാണ് രാഹുല്‍ ഗാന്ധിയും എം കെ സ്റ്റാലിനും നിറഞ്ഞുനില്‍ക്കുന്നത്. ഡി എം കെ 21 സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും സി പി എം രണ്ട് സീറ്റിലുമാണ് മത്സരിക്കുക.
Previous Post Next Post