ഇംഗ്ലണ്ടിന് തിരിച്ചടി; ബ്രസീലിനെതിരെ കളിക്കാൻ ഹാരി കെയ്ൻ ഇല്ല
വെംബ്ലി: ശനിയാഴ്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ കളിക്കില്ല. അടുത്തയാഴ്ച ബെൽജിയത്തിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലും കെയ്നിന്റെ സാന്നിധ്യം സംശയമാണ്. ബുന്ദസ്‌ലീഗയിൽ കഴിഞ്ഞയാഴ്ച ഡാരംസ്റ്റാഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഇംഗ്ലീഷ് നായകന് പരിക്കേൽക്കുന്നത്.
ജർമ്മനിയിൽ നടക്കുന്ന യൂറോ കപ്പ് ഫുട്ബോളിന് മുമ്പായാണ് ഇംഗ്ലീഷ് ടീം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. രണ്ട് മത്സരങ്ങളിലും കളിച്ചില്ലെങ്കിലും ബയേൺ താരം ഹാരി കെയ്ൻ യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ സ്ഥാനം ഉറപ്പാണ്. അതിനിടെ മറ്റ് ചില ഇംഗ്ലണ്ട് താരങ്ങളും പരിക്കിന്റെ പിടിയിലുണ്ട്.
ജോർദാൻ ഹെൻഡേഴ്സണും കോൾ പാൽമറും കളിക്കില്ലെന്ന് ഇംഗ്ലണ്ട് പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇരുവരും ബെൽജിയത്തിനിയെതിരായ മത്സരത്തിൽ തിരിച്ചുവന്നേക്കും. ബുക്കായോ സാക്ക നേരത്തെ തന്നെ പരിക്കിനെ തുടർന്ന് പിന്മാറിയിരുന്നു. ഒല്ലി വാട്ട്കിൻസ്, ഇവാൻ ടോണി എന്നിവർ ഇംഗ്ലണ്ട് ടീമിൽ കളിച്ചേക്കുമെന്നാണ് സൂചന.