മദ്യനയ അഴിമതിക്കേസ്; കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇഡിയോട് മറുപടി തേടി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇ.ഡിയോട് മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. മറുപടി നല്‍കാന്‍ കോടതി ഇഡിക്ക് രണ്ടാഴ്ച സമയം അനുവദിച്ചു. കേസ് ഏപ്രില്‍ 22ന് വീണ്ടും പരിഗണിക്കും.
അതേസമയം ഹരജി നിലനില്‍ക്കില്ലെന്ന് ഇ ഡി വാദിച്ചു. എന്തുകൊണ്ടാണ് നിങ്ങള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തതെന്ന് കെജ്രിവാളിനോട് ഹൈക്കോടതി ചോദിച്ചു. അറസ്റ്റിനെ ഭയക്കുന്നുവെന്നും സംരക്ഷണം ആവശ്യമാണെന്നും കെജ്രിവാള്‍ മറുപടി നല്‍കി.
മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി കെജ്രിവാളിന് ഇതുവരെ 9 സമന്‍സുകള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ ഇഡിയ്ക്ക് മുമ്പാകെ കെജ്രിവാള്‍ ഇതുവരെ ഹാജരായിട്ടില്ല. ഇഡിയുടെ സമന്‍സുകള്‍ ചോദ്യം ചെയ്താണ് കേജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. സമന്‍സുകള്‍ നിയമവിരുദ്ധമാണെന്ന് കെജ്രിവാള്‍ ഹരജിയില്‍ പറയുന്നു. ഇഡിയുടെ പരാതിയെ തുടര്‍ന്നുള്ള മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂലമായ ഇടപെടല്‍ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.