തൃശ്ശൂരിൽ ബി.ജെ.പി.ക്ക് വോട്ടുകുറയും -പ്രതാപൻ
തൃശ്ശൂർ : യു.ഡി.എഫ്. സ്ഥാനാർഥിയായി കെ. മുരളീധരൻ എത്തിയതോടെ തൃശ്ശൂരിലേത് ഗൗരവമേറിയ രാഷ്ട്രീയമത്സരമായി മാറിയെന്ന് ടി.എൻ. പ്രതാപൻ എം.പി. കടുത്ത ത്രികോണമത്സരമാണ് നടക്കുന്നത്. ബി.ജെ.പി. ഇത്തവണയും മൂന്നാംസ്ഥാനത്തുതന്നെയായിരിക്കുമെന്നും കഴിഞ്ഞ വർഷത്തെക്കാൾ വോട്ട് കുറയുമെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു. തൃശ്ശൂർ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. മുരളീധരന്റെ ഭൂരിപക്ഷം കഴിഞ്ഞ വർഷം താൻ നേടിയതിനെക്കാൾ കൂടുതലാകുമെന്ന് പറഞ്ഞ പ്രതാപൻ പദ്മജയുടെ ബി.ജെ.പി. പ്രവേശനത്തിൽ ഒട്ടും ഭയമില്ലെന്നും വ്യക്തമാക്കി. കരുണാകരന്റെ മക്കളെ ജയിപ്പിച്ച പാരമ്പര്യം തൃശ്ശൂരിനുണ്ടോ എന്ന ചോദ്യത്തിന് കാലം പലതും മാറ്റുമെന്നായിരുന്നു മറുപടി. പഴയ ചുവരെഴുത്തുകൾ പലതും മായും. പുതിയത് എഴുതും-അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും രണ്ടാംസ്ഥാനത്ത് വരില്ല. കേരളത്തിൽ വോട്ടെടുപ്പ് രണ്ടാംഘട്ടത്തിലായത് നന്നായി. അതുകൊണ്ടുതന്നെ പലരുടെയും ഗ്രാഫ് താഴേയ്ക്കുപോകും. ബി.ജെ.പി.യിൽ പോയവർക്ക് കുറച്ചുകഴിഞ്ഞാൽ കാര്യം ബോധ്യമാകുമെന്നും അപ്പോൾ മനഃപരിവർത്തനമുണ്ടാകുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു. ഏറ്റവുമടുത്ത പെങ്ങളായിരുന്ന പദ്മജ തന്നോട് യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും സ്നേഹസന്ദേശയാത്രയ്ക്കിടെ കൂടെ നിൽക്കുകയാണുണ്ടായതെന്നും പിന്നീടെന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും പ്രതാപൻ പറഞ്ഞു.