ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ഫുജൈറ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ഫുജൈറ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തി
ഫുജൈറ | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദും (കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍) യു എ ഇ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയും കൂടിക്കാഴ്ച നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ക്കായി ഭരണാധികാരിയുടെ കീഴില്‍ നടന്ന ഇഫ്താര്‍ സംഗമത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കിരീടാവകാശി മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഗ്രാന്‍ഡ് മുഫ്തിയെ സ്വീകരിച്ചു.

പരസ്പരം റമസാന്‍ സന്ദേശങ്ങള്‍ കൈമാറിയ ഇരുവരും സദ്പ്രവര്‍ത്തനങ്ങളില്‍ ലോക മുസ്ലിം സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. മര്‍കസിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളവും വിദേശരാഷ്ട്രങ്ങളിലും നടന്നുവരുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഗ്രാന്‍ഡ് മുഫ്തി ഭരണാധികാരിയുടെ ശ്രദ്ധയില്‍പെടുത്തി. കൂടുതല്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഗ്രാന്‍ഡ് മുഫ്തിയെന്ന നിലയില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ അഭിവൃദ്ധിക്ക് നേതൃത്വം നല്‍കാനും ശൈഖ് അബൂബക്കറിന് സാധിക്കട്ടെയെന്ന് ഭരണാധികാരി ആശംസിച്ചു.

മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തിന്റെ ഭാഗമായി ‘അല്‍ ബദ്ര്‍ ഫെസ്റ്റിവല്‍’ എന്ന പേരില്‍ റബീഉല്‍ അവ്വലില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഫുജൈറ ഭരണകൂടത്തെ ഗ്രാന്‍ഡ് മുഫ്തി പ്രത്യേകം സന്തോഷമറിയിച്ചു. ഫെസ്റ്റിവലില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് നല്‍കുന്ന പങ്കാളിത്തം പ്രത്യേകം പരാമര്‍ശിച്ചു. 2022 ഒക്ടോബറില്‍ നടന്ന ‘അല്‍ ബദ്‌റി’ന്റെ ആദ്യ എഡിഷനില്‍ മുഖ്യാതിഥിയായിരുന്നു ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ്. അര മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയില്‍ സ്വദേശി പ്രമുഖരും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Previous Post Next Post