എരുമപ്പെട്ടി പതിയാരം വിശുദ്ധ യൗസേപ്പ് പിതാവിന്റെ ശ്രാദ്ധ ഊട്ടുതിരുന്നാളിന് തുടക്കമായി
എരുമപ്പെട്ടി പതിയാരം വിശുദ്ധ യൗസേപ്പ് പിതാവിന്റെ ശ്രാദ്ധ ഊട്ടുതിരുന്നാളിന് തുടക്കമായി. നാളെയാണ് ഊട്ടുതിരുന്നാള്‍. രാവിലെ 6-30-ന് ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബ്ബാന എന്നീ തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാദര്‍ ഡേവിസ് ചക്കാലയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള കൂടുതുറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി. തിരുന്നാള്‍ ദിനമായ നാളെ രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് ഊട്ട് സദ്യ വെഞ്ചരിപ്പ് എന്നിവ നടക്കും.
9.30-ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസയ്ക്ക് പഴയന്നൂര്‍ സെന്റ് ഡൊമിനിക്ക് പള്ളി വികാരി ഫാദര്‍ ബെന്നി കിടങ്ങന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. കടങ്ങോട് ഉണ്ണിമിശിഹാ പള്ളി വികാരി ഫാദര്‍ സിന്റോ പൊന്തേക്കന്‍ തിരുന്നാള്‍ വചന സന്ദേശം നല്‍കും. പത്തു മണിക്ക് ഊട്ട് നേര്‍ച്ചസദ്യ ആരംഭിക്കും. ഊട്ടുതിരുനാള്‍ ആഘോഷ പരിപാടികള്‍ക്ക് ഇടവക വികാരി ഫാദര്‍ ഡേവിസ് ചക്കാലയ്ക്കല്‍ , കൈക്കാരന്‍മാരായ ആളൂര്‍ ലേവി, ചാലിശ്ശേരി സതീഷ്, അന്തിക്കാട് വിന്‍സന്‍, ചിറയത്ത് ആന്‍സന്‍ , ജനറല്‍ കണ്‍വീനര്‍, ടോമി മുരിങ്ങാത്തേരി, ജോയിന്റ് കണ്‍വീനര്‍ ഡേവിസ് ബാജു മുരിങ്ങാത്തേരി, പബ്ലിസിറ്റി കണ്‍വീനര്‍ റോബിന്‍ മുരിങ്ങാത്തേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.