ഗുരുവായൂർ ക്ഷേത്രത്തിൽ രണ്ടുദിവസത്തെ വരുമാനം ഒന്നരക്കോടി കടന്നു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ രണ്ടുദിവസത്തെ വരുമാനം ഒന്നരക്കോടി കടന്നു. വെള്ളിയാഴ്ച വഴിപാടിനങ്ങളിൽ 78.41 ലക്ഷവും ശനിയാഴ്ച 74.77 ലക്ഷവുമായിരുന്നു വരുമാനം. വെള്ളിയാഴ്ച തുലാഭാരം 24 ലക്ഷം, നെയ്‌വിളക്ക് ശീട്ടാക്കൽ 23 ലക്ഷം, പാൽപ്പായസം ആറുലക്ഷം എന്നിങ്ങനെയായിരുന്നു വരവ്. 501 ചോറൂൺ വഴിപാടുണ്ടായി. ശനിയാഴ്‌ച തുലാഭാരം 23 ലക്ഷം, നെയ്‌വിളക്ക് ശീട്ടാക്കൽ 24 ലക്ഷം, പാൽപ്പായസം അഞ്ചുലക്ഷം എന്നിങ്ങനെ വരവുണ്ടായപ്പോൾ 411 ചോറൂണും ഉണ്ടായിരുന്നു. പൊതു അവധിദിവസങ്ങളിൽ ഉച്ചവരെ പ്രത്യേക ദർശനമില്ലാത്തതിനാൽ നെയ്‌വിളക്ക് ശീട്ടാക്കാനുള്ളവരുടെ തിരക്കേറി. 4500 രൂപയ്ക്ക് ശീട്ടാക്കിയാൽ അഞ്ചുപേർക്ക് വരി നിൽക്കാതെ നേരെ നാലമ്പലത്തിൽ കടന്ന് തൊഴാം. ഈ ഇനത്തിൽ രണ്ടുദിവസം 217 പേർ ശീട്ടാക്കി. ആയിരം രൂപയുടെ നെയ്‌വിളക്ക് രണ്ടുദിവസം 3738 പേരാണ് ശീട്ടാക്കിയത്.