അഭയാർഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്റാഈൽ ക്രൂരത


അഭയാർഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്റാഈൽ ക്രൂരത

ഗസ്സ | തുടർച്ചയായ ആക്രമണത്തിൽ ദുരന്തഭൂമിയായ ഗസ്സയിൽ വീണ്ടും ഇസ്‌റാഈൽ ക്രൂരത. അഭയാർഥി ക്യാമ്പുകൾക്കും വീടുകൾക്കും നേരെ ഇസ്‌റാഈൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു.

റഫയിൽ അഭയാർഥികൾ താമസിക്കുന്ന കൂടാരങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 11 പേരും ദെയ്‌റുൽ ബലാഹ്, ജബലിയ എന്നിവിടങ്ങളിൽ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 17 പേരുമാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണം നടക്കുന്നത്.

തെൽ അൽ സുൽത്താനിലെ എമിറേറ്റ് മറ്റേണിറ്റി ആശുപത്രിക്ക് സമീപമുള്ള അഭയാർഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ആശുപത്രി ജീവനക്കാരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അമ്പതിലേറെ പേർക്ക് പരുക്കേറ്റു. ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണം 115 ആയി. 30,320 ഫലസ്തിനികളാണ് അഞ്ച് മാസത്തോളമായി തുടരുന്ന അധിനിവേശത്തിനിടെ കൊല്ലപ്പെട്ടത്.

അതേസമയം, ഗസ്സ സിറ്റിയിൽ സ്ഥിതി സങ്കീർണമായി തുടരുകയാണ്. ഭക്ഷണം ലഭിക്കാതെയും നിർജലീകരണംമൂലവും നിരവധി കുട്ടികളാണ് മരിക്കുന്നത്. ആശുപത്രികൾ അഭയാർഥി ക്യാമ്പുകൾക്ക് സമാനമായ അവസ്ഥയിലാണ്

റമസാൻ ആരംഭിക്കുന്നതിന് മുമ്പ് താത്കാലിക വെടിനിർത്തൽ കരാറിൽ എത്തിച്ചേരാനുള്ള ശ്രമം തുടരുകയാണ്. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്വർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി.




Previous Post Next Post