പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലിയുമായി സി പി എം; സ്വന്തം നിലയില്‍ കളത്തിലിറങ്ങാനുറച്ച് ലീഗ്,
തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍തോതില്‍ ജനങ്ങളെ അണിനിരത്തി മേഖലാ റാലിയുമായി സി പി എം മുന്നോട്ടു പോവുമ്പോള്‍ പ്രതിരോധവുമായി മുസ്്‌ലിം ലീഗ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ നിലപാടില്ലെന്ന പ്രധാന ആരോപണം ഉന്നയിച്ചുകൊണ്ടാണ് റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത്. കോണ്‍ഗ്രസ്സിനെ കാത്തുനില്‍ക്കാതെ തന്നെ ലീഗ് പ്രതിഷേധവുമായി ഇറങ്ങുകയാണ്.
ഇന്നലെ കോഴിക്കോട്ട് നടന്ന വന്‍ റാലിക്കു ശേഷം ഇന്നു കാഞ്ഞങ്ങാട്ടാണ് സി പി എം റാലി. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റാലി നടക്കും.
സി പി എം പൗരത്വ വിഷയത്തില്‍ ജനങ്ങളെ അണിനിരത്തി റാലി നടത്തുകയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം നിലയില്‍ പ്രതിരോധമുയര്‍ത്താനാണ് മുസ്്‌ലിം ലീഗ് ആലോചിക്കുന്നത്. സി എ എ വിഷയത്തില്‍ പാര്‍ലമെന്റിലെ ഇടപെടലുകളും സുപ്രീം കോടതിയില്‍ നടത്തുന്ന നിയമപോരാട്ടവും എടുത്തു പറഞ്ഞ് വോട്ടര്‍മാരെ സമീപിക്കാനാണ് മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചത്.
പൗരത്വ വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കയെ അഭിമുഖീകരിക്കുന്നത് സി പി എം മാത്രമാകുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന ആശങ്ക യു ഡി എഫ് ക്യാമ്പില്‍ പടര്‍ന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടെടുത്തത് ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് കോഴിക്കോട്ടു നിന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലിക്ക് തുടക്കമിട്ടത്. ഈ റാലിയിലെ സമുദായ നേതാക്കളുടെ സാന്നിധ്യവും ജനപങ്കാളിത്തവും മുസ്്‌ലിം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
യു ഡി എഫ് നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമുണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ ആവേശക്കുറവ് പ്രകടമാണ്. ഈ സാഹചര്യത്തിലാണ് യു ഡി എഫിനെ കാത്തു നില്‍ക്കാതെ ലീഗ് സ്വന്തം നിലയില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ രംഗത്തിറങ്ങുന്നത്.
മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ച് സുപ്രീം കോടതിയില്‍ നടത്തുന്ന നിയമ പോരാട്ടങ്ങളടക്കം ഉയര്‍ത്തിക്കാട്ടിയാകും ലീഗ് പ്രചാരണം. സി എ എക്കെതിരായി പാര്‍ലമെന്‍രില്‍ ലീഗ് സ്വീകരിച്ച നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കും. മുസ്ലീം ലീഗ് മത്സരിക്കുന്ന പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ഥികളുടെ നേതൃത്വത്തില്‍ സി എ എ വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. ഈ മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് വന്‍ ജനപങ്കാളിത്തത്തോടെ നടത്തുന്ന നൈറ്റ് മാര്‍ച്ചുകളും മറ്റും ലീഗ് ഗൗരവത്തോടെയാണു കാണുന്നത്.