എം ജി കലോത്സവം: മഹാരാജാസിന് കിരീടം
കോട്ടയം | അക്ഷര നഗരിയിൽ നടന്ന എം ജി സർവകലാശാല കലോത്സവത്തിൽ ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിൽ എറണാകുളം മഹാരാജാസ് കോളജിന് കലാ കിരീടം.
ആദ്യാവസാനം ആകാംക്ഷ നിറച്ച് എറണാകുളം ജില്ലയിലെ കോളജുകൾ തമ്മിലായിരുന്നു കിരീടപ്പോരാട്ടം. കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറിയ തേവര എസ് എച്ച് കോളജിനെ അവസാന ദിവസം മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് 129 പോയിന്റോടെ മഹാരാജാസ് കിരീടം നേടിയത്. 111 പോയിന്റ് നേടി എറണാകുളം സെന്റ് തെരേസാസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
102 പോയിന്റ് വീതം നേടി തേവര എസ് എച്ച്, തൃപ്പൂണിത്തുറ ആർ എൽ വി കോളജുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. ആർ എൽ വി കോളജിലെ എസ് വിഷ്ണു കലാ പ്രതിഭയും എറണാകുളം സെന്റ് തെരേസാസിലെ കെ എസ് സേതുലക്ഷ്മി കലാ തിലകവുമായി.
ഫൈൻ ആർട്സ് വിഭാഗത്തിൽ തൃപ്പൂണിത്തുറ ആർ എൽ വി കോളജും രചനാ മത്സരത്തിൽ സേക്രട്ട് ഹാർട്ട്സ് കോളജ് തേവരയും തീയറ്റർ ഇവന്റ്സിലും മ്യൂസിക്കൽ ഇവന്റ്സിലും മഹാരാജാസ് കോളജും നൃത്ത വിഭാഗത്തിൽ സെന്റ് തെരേസാസും ചാമ്പ്യൻമാരായി.
തിരുനക്കരയിലെ ഒന്നാം വേദിയിൽ ഇന്നലെ മാർഗംകളിയും രണ്ടാം വേദിയിൽ അറബി പദ്യപാരായണവുമാണ് നടന്നത്. ചൂട് താങ്ങാനാവാതെ മത്സരാർഥികൾ തളർന്ന് വീഴുന്ന കാഴ്ചയും വേദിക്ക് പുറത്തുണ്ടായി.വേഷവിതാനത്തിൽ മണിക്കൂറുകളോളം മത്സരത്തിന് കാത്തിരിക്കേണ്ടി വന്നതാണ് ആരോഗ്യപ്രശ്നങ്ങൾ വരുത്തിയത്.
ഏഴ് പകലും ആറ് രാവുമായി ഒമ്പത് വേദികളിലായി 74 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ ആദ്യാവസാനം വരെ എറണാകുളം ജില്ലയിലെ കോളജുകളായിരുന്നു പോരാട്ടം. അവസാന ദിവസത്തെ മത്സരവിധികളാണ് കൂടുതൽ പോയിന്റുകൾ മഹാരാജാസിന് സമ്മാനിച്ചത്. വിധി പ്രഖ്യാപനങ്ങളെ കോളജുകളും കാണികളും വളരെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എല്ലായിനങ്ങളിലെയും മത്സരങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു. തിരുനക്കര വേദിയിൽ നടന്ന സമാപന യോഗത്തിൽ മന്ത്രി ആർ ബിന്ദു ട്രോഫികൾ വിതരണം ചെയ്തു.