എടത്തിരുത്തി, പെരിഞ്ഞനം മേഖലകളിലെ കവർച്ചാ പരമ്പര; രണ്ട് പേർ അറസ്റ്റിൽ

എടത്തിരുത്തി, പെരിഞ്ഞനം മേഖലകളിലെ കവർച്ചാ പരമ്പര; രണ്ട് പേർ അറസ്റ്റിൽ

എടത്തിരുത്തിയിലും, പെരിഞ്ഞനത്തും വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് സ്വദേശി തൻസീർ, പറവൂർ മന്നം സ്വദേശി മിഥുൻ ലാൽ എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് എടത്തിരുത്തി കുമ്പള പറമ്പിലുള്ള ആനാപ്പുഴ പ്രസാദിന്റെ വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപ വിലവരുന്ന റാഡോ വാച്ചും, ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറയും പ്രതികള്‍ കവര്‍ന്നു. കൂടാതെ എടത്തിരുത്തി എലുവത്തിങ്കൽ ദേവസിയുടെ വീട്ടിൽ നിന്ന് 3,000 രൂപയും മാർച്ച് രണ്ടിന് ചക്കരപ്പാടം കാട്ടുപറമ്പിൽ സെയ്ഫുദ്ധീന്റെ വീട്ടിൽ നിന്നും മുപ്പതിനായിരം രൂപയും കവർന്ന കേസിലുമാണ് അറസ്റ്റ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സി.സി.ടി.വി പരിശോധിച്ചതിൽ അവ്യക്തമായ രീതിയിൽ ബൈക്കിന്റെ നമ്പർ കിട്ടുകയും, സി.സി.ടി.വി ടെക്നീഷ്യൻ മൃദുലാലിന്റെ സഹായത്തോടെ നമ്പർ സ്ഥിരീകരിക്കുകയുമായിരുന്നു. വാഹന ഉടമയെ കണ്ടെത്തിയശേഷം ബൈക്ക് വാടകക്കെടുത്ത തൻസീറിനെ കണ്ടെത്തിയതോടെയാണ് മറ്റു രണ്ട് പേരെ കുറിച്ചുള്ള വിവരം ലഭിച്ചത്. വാടകക്കെടുത്ത ആഡംഭര ബൈക്കിൽ എത്തി ആളില്ലാത്ത വീട് നോക്കി മുൻ വശത്തെ വാതിൽ പൊളിച്ചാണ് മോഷണം നടത്തിവന്നിരുന്നത്. മോഷ്ടിച്ച റാഡോ വാച്ച് രണ്ടാം പ്രതി മിഥുൻ ലാലിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. ക്യാമറ കൊല്ലത്തെ ഒരു കടയിൽ വില്പന നടത്തിയതായും പ്രതികൾ പോലീസിനോട് പറഞ്ഞു. ഈ കേസിലെ മറ്റൊരു പ്രതിയായ ആല ഗോതുരുത്ത് സ്വദേശി ബൈജുവിനെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഒന്നാം പ്രതി തൻസീറിന് വിവിധ സ്റ്റേഷനുകളിലായി മോഷണ കേസുകൾ ഉൾപ്പെടെ
27 കേസുകൾ നിലവിലുണ്ട്.
Previous Post Next Post