കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ആവര്‍ത്തിച്ച് യു എസ്

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ആവര്‍ത്തിച്ച് യു എസ്
ന്യൂഡല്‍ഹി | നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിട്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണം ആവര്‍ത്തിച്ച് അമേരിക്ക. കെജ്‌രിവാളിന് നീതിയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടിക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ ആവര്‍ത്തിച്ചു. അദ്ദേഹത്തിനെതിരായ നിയമ നടപടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും യു എസ് പ്രതിനിധി പറഞ്ഞു.

ഈ വിഷയത്തില്‍ നേരത്തേ നടത്തിയ പ്രതികരണത്തിന്റെ പേരില്‍ ന്യൂഡല്‍ഹിയിലെ യു എസ് മിഷന്‍ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഗ്ലോറിയ ബര്‍ബേനയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മില്ലര്‍. നേരത്തേ, ജര്‍മനിയും സമാനമായ വിമര്‍ശം നടത്തിയിരുന്നു.

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും മില്ലര്‍ പ്രതികരിച്ചു. ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലായെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മില്ലര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Previous Post Next Post