ഗസ്സയില്‍ പോഷകാഹാരക്കുറവ് മൂലം അഞ്ച് വയസ്സുകാരന്‍ മരിച്ചു; മനസ്സാക്ഷി മരവിച്ച് മെഡി. ജീവനക്കാര്‍
ഗസ്സാ സിറ്റി | ഗസ്സയിലെ മാനുഷിക ദുരന്തത്തിന്റെ വ്യാപ്തിയില്‍ ഞെട്ടിപ്പോയെന്ന് റഫയില്‍ അടിയന്തര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്തോനേഷ്യന്‍ മെഡിക്കല്‍ ജീവനക്കാര്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തങ്ങളുടെ ഏറ്റവും മോശം ദൃശ്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള അടിയന്തര നടപടികളുടെ ഭാഗമായി ജക്കാര്‍ത്ത ആസ്ഥാനമായുള്ള മെഡിക്കല്‍ എമര്‍ജന്‍സി റെസ്‌ക്യൂ കമ്മിറ്റി സംഘടിപ്പിച്ച 11 ഇന്തോനേഷ്യന്‍ ഡോക്ടര്‍മാരുടെയും ശസ്ത്രക്രിയാ നഴ്‌സുമാരുടെയും സംഘം കഴിഞ്ഞ ആഴ്ചയാണ് ഗസ്സയിലെത്തിയത്. ഒരു ദശലക്ഷത്തിലധികം ഫലസ്തീനികള്‍ അഭയം തേടുകയും ഇസ്‌റാഈലിന്റെ മാരക ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഗസ്സാ മുനമ്പിന്റെ തെക്കേ അറ്റത്തുള്ള റഫയിലെ ആരോഗ്യ കേന്ദ്രങ്ങളിലാണ് സേവനം. മരണത്തിനും പരുക്കിനും മാത്രമല്ല, കടുത്ത പട്ടിണിക്കുമാണ് ഇവര്‍ സാക്ഷ്യം വഹിക്കുന്നതെന്ന് എം ഇ ആര്‍-സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ സര്‍ബിനി അബ്ദുല്‍ മുറാദ് അറബ് ന്യൂസിനോട് പറഞ്ഞു.
ഉപരോധിത പ്രദേശത്ത് പരിമിത അളവിലുള്ള മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും കൊണ്ട് ബുദ്ധിമുട്ടുകയാണ് ഓര്‍ത്തോപീഡിക് ഫിസിഷ്യന്‍മാരും സര്‍ജിക്കല്‍ നഴ്‌സുമാരുമുള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാര്‍. ലഭ്യമായ ഡോക്ടര്‍മാരുടെയും ആരോഗ്യ സേവനങ്ങളുടെയും എണ്ണം അപര്യാപ്തമായതിനാല്‍ ഗസ്സയിലെ മെഡിക്കല്‍ മേഖല അങ്ങേയറ്റം ഞെരുക്കത്തിലാണ്. ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഇത്തരം രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ മനസ്സാക്ഷി തന്നെ മരവിച്ചു പോകുന്നു. മുറാദ് പറഞ്ഞു.
അതേസമയം, ഗസ്സയില്‍ പോഷകാഹാരക്കുറവ് മൂലം അഞ്ച് വയസ്സുകാരന്‍ മരിച്ചതായി റിപോര്‍ട്ട്. പട്ടിണി തടയാന്‍ സമയം അതിക്രമിച്ചിരിക്കുന്നതായി യു എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കുകയും സഹായ നിയന്ത്രണങ്ങള്‍ ഉടനടി നീക്കാന്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഗസ്സയില്‍ കരമാര്‍ഗം വലിയ തോതിലുള്ള സഹായം എത്തിക്കുന്നതിന് ബദലില്ല. പല രാജ്യങ്ങളും എയര്‍ഡ്രോപ്പ് ചെയ്യുകയോ കടല്‍ വഴിയുള്ള വിതരണം ഏകോപിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. എന്നിട്ടും യു എന്നും മറ്റ് രാഷ്ട്രങ്ങളും അത്തരം രീതികള്‍ ചെലവേറിയതും കാര്യക്ഷമമല്ലാത്തതുമാണെന്ന് ആവര്‍ത്തിച്ച് പറയുകയും ഗസ്സയിലേക്കുകള്ള എല്ലാ അതിര്‍ത്തികളും തുറക്കാന്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, സഖ്യകക്ഷിയും വ്യവസായ പ്രമുഖനുമായ മുഹമ്മദ് മുസ്തഫയെ പ്രധാനമന്ത്രിയായി നിയമിച്ചു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍, മേഖലയില്‍ നിന്ന് ഇസ്‌റാഈലിന്റെ സമ്പൂര്‍ണ പിന്‍വാങ്ങല്‍ എന്നിവയാണ് പുതിയ സര്‍ക്കാറിന്റെ പ്രഥമ പരിഗണനയെന്ന് മുസ്തഫ പറഞ്ഞു. പുതിയ അംഗങ്ങള്‍ ഞായറാഴ്ച ചുമതലയേല്‍ക്കും.ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 32,552 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 74,980 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.