സുരേഷ് ഗോപിയുമായി അടുപ്പമുണ്ട്, എന്നാല്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള വീഡിയോ കൊടുക്കില്ല; കലാമണ്ഡലം ഗോപി

സുരേഷ് ഗോപിയുമായി അടുപ്പമുണ്ട്, എന്നാല്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള വീഡിയോ കൊടുക്കില്ല; കലാമണ്ഡലം ഗോപി
തൃശൂര്‍| തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയുമായി അടുപ്പമുണ്ട്. എന്നാല്‍ വോാട്ട് അഭ്യര്‍ഥിച്ചുള്ള വീഡിയോ കൊടുക്കില്ലെന്നു കലാമണ്ഡലം ഗോപി പറഞ്ഞു. രാഷ്ട്രീയമായി ഒരുവാക്കും താന്‍ പറയില്ല. പത്മഭൂഷണ്‍ വേണമെങ്കില്‍ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡോക്ടര്‍ വിളിച്ചിരുന്നു. അത് കേട്ട് തന്റെ മകന് മനോവിഷമം ഉണ്ടായെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേര്‍ത്തു.

എന്റെ വോട്ട് തൃശൂരല്ല, ആലത്തൂരിലാണ്. തൃശൂരില്‍ വോട്ട് ചെയ്താല്‍ എന്നെഅറസ്റ്റ് ചെയ്യില്ലേ എന്നും കലാമണ്ഡലം ഗോപി ചോദിച്ചു. ഞാന്‍ രാഷ്ട്രീയക്കാരനല്ല. എനിക്ക് രാഷ്ട്രീയം അറിയില്ല. സുരേഷ്‌ഗോപി എന്റെ അടുത്ത്‌വരേണ്ട എന്ന് എന്റെ നാവുകൊണ്ട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എന്നെകാണാന്‍ സുരേഷ് ഗോപിക്ക് എന്നും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയും താനും വളരെ കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോന്നവരാണെന്നും സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കലാമണ്ഡലം ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. സുരേഷ് ഗോപിക്ക് തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. അതുപോലെ തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്നെ കാണാന്‍ എപ്പോഴും വരാമെന്നും കലാമണ്ഡലം ഗോപി പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട്‌ ഫേസ്ബുക്ക് പേജില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചു.
Previous Post Next Post