സുപ്രീം കോടതിക്ക് തമിഴ്‌നാട് ഗവര്‍ണര്‍ വഴങ്ങി; കെ പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സുപ്രീം കോടതിക്ക് തമിഴ്‌നാട് ഗവര്‍ണര്‍ വഴങ്ങി; കെ പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ചെന്നൈ | അനധികൃത സ്വത്ത് സമ്പാദന കേസില്‍ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്ന കെ പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നുവെങ്കിലും പൊന്മുടിയെ തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി വിസമ്മതിച്ചിരുന്നു. ഇതിനെ സുപ്രീം കോടതി അപലപിച്ചതോടെയാണ് ഗവര്‍ണര്‍ വഴങ്ങിയത്. ഗവര്‍ണറുടെ നിലപാടില്‍ ഗുരുതര ഉത്കണ്ഠ പ്രകടിപ്പിച്ച കോടതി 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ ഡി എം കെ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഗവര്‍ണര്‍ ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കരുണാനിധി മന്ത്രിസഭയില്‍ ഖനി വകുപ്പ് കൈാര്യം ചെയ്തിരുന്ന പൊന്‍മുടി 2006 ഏപ്രില്‍ 13നും മാര്‍ച്ച് 31നും ഇടയിലായി 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്ന കേസിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചിരുന്നത്. തുടര്‍ന്നാണ് സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്നും വിദ്യാഭ്യാസ മന്ത്രിയായ പൊന്മുടി രാജിവച്ചത്.
Previous Post Next Post