പുതുക്കാട് കെ.എസ്.ഇ.ബിയുടെ വാഴവെട്ട് സംഭവത്തിൽ ഇടപെട്ട് കൃഷിമന്ത്രി;

പുതുക്കാട് കെ.എസ്.ഇ.ബിയുടെ വാഴവെട്ട് സംഭവത്തിൽ ഇടപെട്ട് കൃഷിമന്ത്രി; 

പുതുക്കാട് പാഴായിൽ കെ.എസ്.ഇ.ബിയുടെ വാഴവെട്ട് സംഭവത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. കെ.എസ്.ഇ.ബിയുടേത് നീതികരിക്കാനാവാത്ത നടപടി എന്ന് പി.പ്രസാദ് വ്യക്തമാക്കി. വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ലാഘവത്തോടെയാണ് ഉദ്യോ​ഗസ്ഥർ വാഴ വെട്ടിക്കളഞ്ഞതെന്നും മന്ത്രി പറഞ്ഞു. പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് ഇത്തവണ കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്. വൈദ്യുതി ലൈനിന് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴ വെട്ടിയത്. നാലേക്കറിൽ വാഴ കൃഷി ചെയ്യുന്നയാളാണ് മനോജ്. ചില വാഴകൾ പൂർണ്ണമായും വെട്ടിക്കളഞ്ഞതായി കർഷകൻ മനോജ് പറഞ്ഞു. മനോജിനോട് അനുവാദം ചോദിക്കാതെയായിരുന്നു കെ.എസ്.ഇ.ബി പാടത്തിറങ്ങി വാഴ വെട്ടിയത്. പാടത്ത് എത്തിയപ്പോഴാണ് മനോജ് വിവരം അറിഞ്ഞത്. മാസങ്ങൾക്ക് മുൻപ് വലപ്പാട് ചൂലൂരിലും കെ.എസ്.ഇ.ബി വാഴ വെട്ടിക്കളഞ്ഞിരുന്നു. സമാനമായ കാരണം പറഞ്ഞായിരുന്നു ഇവിടെയും വാഴ വെട്ടൽ. വാർത്തയായതിന് പിന്നാലെ കൃഷി മന്ത്രി കർഷകനെ വിളിച്ചിരുന്നു. നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് സംഭവം ആവർത്തിക്കുന്നതിന് പിന്നിലെന്ന വിമർശനം ശക്തമായിട്ടുണ്ട്.
Previous Post Next Post