പരിഷ്കാരത്തിൽ എതിർപ്പ്; തൃശൂർ പോസ്റ്റോഫീസ് റോഡിലെ ‘വൺവേ’ പിൻവലിച്ചു
തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ഏർപ്പെടുത്തിയ വൺവേ പരിഷ്ക്കാരം പിൻവലിച്ചു. വ്യാപാരികളുടെയടക്കം പരാതികളുയർന്നതിനെ തുടർന്നാണ് ‘വൺവേ’ പിൻവലിച്ചത്. നാല് നാൾ യാത്രക്കാരെ വലച്ചത് മാത്രം നേട്ടമായി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി ഏറെ പരാതികളുയർന്നതിനെ തുടർന്ന് പൊലീസ് തന്നെ പിൻവലിച്ച വൺവേ പരിഷ്കാരമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ മുന്നറിയിപ്പൊന്നുമില്ലാതെ നടപ്പിലാക്കിയത്. തൃശൂർ നഗരത്തിൽ ഗതാഗത പരിഷ്ക്കാരം നടപ്പാക്കുന്ന ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനപ്രകാരം മേയർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വൺവേ നടപ്പിലാക്കിയതെന്നാണ് പൊലീസ് അന്ന് അറിയിച്ചത്. ഇപ്പോൾ വൺവേ പിൻവലിക്കാൻ ആവശ്യപ്പെട്ട് മേയർ തന്നെ കത്ത് നൽകിയെന്നാണ് പൊലീസ് തന്നെ പറയുന്നത്. വ്യാഴാഴ്ച മുതൽ ഇരുവശത്തേക്കും വാഹനങ്ങൾ വിട്ടു തുടങ്ങി. എന്നാൽ നാല് ദിവസം പൊലീസുകാർ നിന്ന് ഇവിടെ വൺവേ ആക്കിയെന്ന് പറഞ്ഞ് അതുവരെയെത്തിയ വാഹന യാത്രികരെ മടക്കി വിട്ടവരിൽ പലരും വൺവേ തുടരുന്നുവെന്ന് കരുതി ചുറ്റിവളഞ്ഞെത്തിയപ്പോൾ കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൺവേ ആക്കുന്നതെന്നായിരുന്നു വിശദീകരണം. എന്നാൽ നേരത്തെ ഈ പരിഷ്കാരം നടപ്പാക്കിയിരുന്നെങ്കിലും പോസ്റ്റോഫീസ് റോഡിലെ വ്യാപാരികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരിഷ്ക്കാരം പിൻവലിച്ചിരുന്നത്.