സി.ഡി.എസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ നിര്‍ദ്ദേശിച്ച് കുടുംബശ്രീ സര്‍ക്കുലര്‍
സംസ്ഥാനത്ത് സി.ഡി.എസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ നിര്‍ദ്ദേശിച്ച് കുടുംബശ്രീ സര്‍ക്കുലര്‍. സേവനത്തിൽ പ്രവേശിച്ച സി.ഡി.എസിൽ മൂന്ന് വര്‍ഷം തികഞ്ഞ എല്ലാവരെയും സ്ഥലം മാറ്റാനാണ് തീരുമാനം. അക്കൗണ്ടിംഗിലെ ക്രമക്കേട് ഒഴിവാക്കാനും സുതാര്യത ഉറപ്പിക്കാനുമാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം. നിര്‍ബന്ധിത സ്ഥലംമാറ്റത്തിൽ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയിൽ തന്നെ വ്യാപക എതിര്‍പ്പുമുണ്ട്. ഒരു സിഡിഎസിൽ പരമാവധി മൂന്ന് വര്‍ഷം. അത് തികഞ്ഞവരെ സ്ഥലം മാറ്റണം. അതേ ബ്ലോക്കിലെ തന്നെ മറ്റൊരിടത്തേക്കാണ് മാറ്റേണ്ടത്. സാമ്പത്തികമോ ഭരണപരമോ ആയ പരാതികൾ നേരിടുന്ന സി.ഡി.എസ് അക്കൗണ്ടന്‍റുമാരാണെങ്കിൽ സ്ഥലം മാറ്റത്തിന് ശേഷവും പ്രസ്തുത പരാതികളിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഒരുവര്‍ഷത്തെ കാലയളവ് വച്ച് കരാര്‍ പുതുക്കുന്നവരാണ് സിഡിഎസ് അക്കൗണ്ടന്‍റുമാര്‍. കരാര്‍ ജീവനക്കാര്‍ക്കിടയിൽ സ്ഥലം മാറ്റം പതിവില്ലെന്നിരിക്കെ അസാധാരണ സര്‍ക്കുലറിനെതിരെ കുടുംബശ്രീക്ക് അകത്ത് തന്നെ പ്രതിഷേധം ശക്തമാണ്. തുച്ഛമായ ശമ്പളമാണ് കിട്ടുന്നതെന്നും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കാത്ത ഗവേണിംഗ് ബോഡിയാണ് ഇപ്പോൾ നിര്‍ബന്ധിത സ്ഥലം മാറ്റം നടപ്പാക്കുന്നതെന്നാണ് സി.ഡി.എസ് അക്കൗണ്ടന്‍റുമാര്‍ വാദിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ സ്ഥലം മാറ്റം ചട്ടം മറികടന്നാണെന്ന ആക്ഷേപവും നിലവിലുണ്ട്. ഏപ്രിൽ 20 മുമ്പ് സ്ഥലം മാറ്റം അനുവദിക്കുകയും 25 ന് ചുമതലയേൽക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. സ്ഥലം മാറ്റത്തിന് സജ്ജരാക്കാത്തവരെ പിരിച്ച് വിടാൻ കൂടി നിര്‍ദ്ദേശിക്കുന്നതാണ് സര്‍ക്കുലര്‍.