ഗുരുവായൂര്‍ ക്ഷേത്രത്തിൽ ശീവേലിക്കെത്തിച്ച ആന ഇടഞ്ഞ് കുത്തുവിളക്കേന്തിയാളെ ആക്രമിച്ചു:

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ശീവേലിക്കെത്തിച്ച ആന ഇടഞ്ഞ് കുത്തുവിളക്കേന്തിയാളെ ആക്രമിച്ചു:

ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആനയിടഞ്ഞ് കുത്തുവിളക്കേന്തിയയാളെ ആക്രമിച്ചു. ആനയില്ലാതെ ക്ഷേത്രത്തിൽ ശീവേലി നടന്നു. ക്ഷേത്രത്തിലെ ശീവേലിക്ക് നിയോഗിച്ച കൊമ്പൻ കൃഷ്ണനാരായണന് പകരമെത്തിച്ച കൊമ്പൻ രാധാകൃഷ്ണനാണ് ഇടഞ്ഞ് കുത്തുവിളക്കേന്തിയ അച്ചുണ്ണി പിഷാരോടിയെ ആക്രമിച്ചത്. പിഷാരോടിക്ക് കാര്യമായ പരിക്കില്ലെങ്കിലും ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ഭക്തർ ഭയന്ന് ചിതറിയോടി. കൂടുതൽ പ്രശ്നങ്ങളില്ലാതിരിക്കാൻ ആനയെ മാറ്റി, കീഴ്ശാന്തി തിരുവാലൂർ നാരായണൻ നമ്പൂതിരി നടന്ന് ശീവേലി പൂർത്തിയാക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ടത്തെ ശീവേലിക്കിടെയാണ് സംഭവം. വൈകീട്ട് നടക്കേണ്ട ശീവേലിക്ക് കൃഷ്ണനാരായണനെയാണ് നിയോഗിച്ചിരുന്നത്. എന്നാൽ ഈ ആനയെ പാപ്പാൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നില്ല. കരുതലായി നിർത്തിയിരുന്ന കൊമ്പൻ രാധാകൃഷ്ണനെ ശീവേലി എഴുന്നള്ളിപ്പിനായി കൊണ്ടുവന്നു. എന്നാൽ എഴുന്നള്ളിപ്പിന് കുത്തുവിളക്കുമായി മുന്നിൽ നിന്നിരുന്ന അച്ചുണ്ണി പിഷാരോടിയെ ആന കൊമ്പുകൊണ്ട് തട്ടിമാറ്റിയതോടെ പരിഭ്രാന്തരായ ഭക്തര്‍ ചിതറിയോടി. പിഷാരോടി പരിക്കില്ലാതെ രക്ഷപ്പട്ടു. കൂടുതൽ പ്രശനമുണ്ടാകാതിരിക്കാൻ ആനയെ മാറ്റി തിടമ്പുമായി കീഴ്ശാന്തി തിരുവാലൂർ നാരായണൻ നമ്പൂതിരി നടന്ന് ശീവേലി പൂർത്തിയാക്കുകയായിരുന്നു. ഗുരുവായൂരിൽ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ച് ഉത്സവത്തിന്റെ ആദ്യ ദിനത്തിൽ ഇപ്പോഴും ചടങ്ങായി ആനയില്ലാ ശീവേലി നടക്കാറുണ്ട്. പാപ്പാൻ മദ്യലഹരിയിലായിരുന്നതിനാലാണ് കൊമ്പൻ കൃഷ്ണനാരായണനെ ക്ഷേത്രത്തിലെത്തിക്കാൻ കഴിയാതിരുന്നതെന്ന് പറയുന്നു. ശീവേലിപറമ്പിലെത്തിയ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നേരെയും പാപ്പാന്‍ തട്ടികയറിയതായി ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തിൽ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ദേവസ്വത്തിന് റിപ്പോർട്ട് നൽകി. ദിവസങ്ങൾക്ക് മുമ്പ് ആനയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന് ഹൈകോടതി സ്വമേധയ കേസെടുത്തിരുന്നു. ഇതിൽ പാപ്പാൻമാർ സസ്പെൻഷനിലാണ്.
Previous Post Next Post