വടക്കൻമേഖല കാൽനട തീർത്ഥയാത്ര നടത്തി
ചാലിശേരി സെൻ്റ് പീറ്റേഴ്‌സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ആർത്താറ്റ് സെൻ്റ് മേരീസ് സിംഹാസന പള്ളിയിലേക്കുള്ള വടക്കൻമേഖല കാൽനട തീർത്ഥയാത്ര നടത്തി. വികാരി ഫാ. ഡിൽജോ ഏലിയാസ് കൂരൻ പ്രാർത്ഥന നടത്തി കാൽനടയാത്രക്ക് തുടക്കം കുറിച്ചു. അന്ത്യോഖ്യ സിംഹാസന പ്രതിനിധിയായ പരിശുദ്ധ സ്ളീബാ മോർ ഒസ്താത്തിയോസ് ബാവയുടെ 94 മത് ഓർമ്മപെരുന്നാളിൻ്റ ഭാഗമായാണ് കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിലേക്ക് കാൽനട തീർത്ഥയാത്ര നടത്തിയത്. കല്ലുപുറം, കൊരട്ടിക്കര കുരിശ് പള്ളി, അക്കിക്കാവ് ടി എം വി എച്ച് എസ് സ്കൂൾ, സെൻ്റ് മേരീസ് കോളേജ്, താഴത്തെ പാറ സെൻ്റ് തോമസ് ചാപ്പൽ എന്നിടങ്ങളിലെ സ്വീകരണത്തിനു ശേഷം കാൽനട തീർത്ഥയാത്ര ആർത്താറ്റ് കബറിങ്കൽ എത്തിച്ചേർന്നു. ബാവയോടുള്ള അപേക്ഷ ഗീതങ്ങൾ ചൊല്ലി നിരവധി വിശ്വാസികൾ കാൽനട യാത്രയിൽ പങ്കെടുത്തു. യാത്ര പോകുന്ന വഴികളിൽ വിശ്വാസികൾക്ക് ദാഹമകറ്റാൻ പഴങ്ങളും, കുടിവെള്ളവും വിതരണവും ഉണ്ടായിരുന്നു. പരിപാടികൾക്ക് വികാരി ഡിൽജോ ഏലിയാസ് കൂരൻ, ട്രസ്റ്റി സി യു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.