നടൻ ടോവിനോ തോമസിനൊപ്പമുള്ള ഫോട്ടോ പങ്കു വെക്കൽ; വി.എസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി
നടൻ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിൽ തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. എൻ.ഡി.എ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാന്റ് അംബാസിഡറായ ടൊവിനോ യുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റപ്പെടുത്തുന്ന പരാതിയിൽ ചട്ടലംഘനം നടത്തിയ സുനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് തടയണമെന്നും ആവശ്യപ്പെടുന്നു. ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വി.എസ് സുനിൽ കുമാര്‍ പ്രതികരിച്ചത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിൽ തൃപ്തരാകാതെയാണ് ഇപ്പോൾ എൻഡിഎ ക്യാമ്പ് പരാതിയുമായി കളക്ടറെ സമീപിച്ചിരിക്കുന്നത്.