യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
എരുമപ്പെട്ടി: വേലൂർ കിരാലൂരിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കിരാലൂർ ചിരിയങ്കണ്ടത്ത് പത്ത് ബാബു എന്ന് വിളിക്കുന്ന ബാബു (53), മകൻ രാഹുൽ (22) എന്നിവരാണ് അറസ്റ്റിലായത്. കിരാലൂർ ചീരൻ വീട്ടിൽ ജോയ്സൺ (31)നെയാണ് പ്രതികൾ ആക്രമിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. പ്രതി ബാബുവിൻ്റെ മകളുടെ ഭർത്താവ് ലിൻ്റോ മാർഗ തടസമായി വഴിയിൽ വെച്ചിരുന്ന ബൈക്ക് മാറ്റി വെക്കാൻ ജോയ്സൺ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള വാക്കേറ്റമാണ് ആക്രമണത്തിന് കാരണം.തുടർന്ന് മര വടികളുപയോഗിച്ച് ബാബു, രാഹുൽ, ലിൻ്റോ ഇവരുടെ അയൽവാസി കുഞ്ഞുമോൻ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു.പരുക്കേറ്റ ജോയ്സണെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ.യു.മഹേഷിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കേസിലെ മൂന്നും നാലും പ്രതികളായ ലിൻ്റോയും കുഞ്ഞുമോനും ഒളിവിലാണ്. പ്രതികൾ വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. എ.എസ്.ഐ എ.വി.സജീവ്, സി.പി.ഒമാരായ കെ.സഗുൺ,രാഹുൽദാസ്, ജിനോ സെബാസ്റ്റ്യൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.