മലപ്പുറത്തും പൊന്നാനിയിലും കോണ്‍ഗ്രസിന് ഉദാസീനത; പരാതിയുമായി ലീഗ് നേതൃത്വം
മലപ്പുറം | മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്നു കോണ്‍ഗ്രസ് മാറി നില്‍ക്കുന്നതിനെതിരെ ലീഗ് നേതൃത്വം കെ പി സി സി നേതൃത്വത്തിനു പരാതി നല്‍കി. ഗ്രൂപ്പ് പോരിന്റെ പേരുപറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറി നില്‍ക്കുന്നത്.
ഡി സി സി പ്രസിഡന്റ് വി എസ് ജോയിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും ആര്യാടന്‍ ഷൗക്കത്ത് വിഭാഗവും തമ്മിലുള്ള പോര് മറയാക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറി നില്‍ക്കുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് ഉടനെ പരിഹാരം കാണണമെന്ന് ആശ്യപ്പെട്ട് ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചു. പ്രശ്‌നം ഉടനെ പരിഹരിച്ചില്ലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ലീഗും സമാനമായ രീതിയില്‍ പ്രതികരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സനും ലീഗ് മുന്നറിയിപ്പു നല്‍കിയതായാണു വിവരം.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ്. ഗ്രൂപ്പ് പോരിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനൊപ്പം പ്രചാരണത്തിന് ഇറങ്ങുന്നില്ല. ലീഗ് മൂന്നാം സീറ്റ് ചോദിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പകവീട്ടുകയാണെന്ന സംശയവും ലീഗിനുണ്ട്. ഗ്രൂപ്പ് പോര് മറയാക്കി ലീഗിനു പണികൊടുക്കകയാണ് കോണ്‍ഗ്രസ് എന്ന സംശയത്തിലാണ് ലീഗ് നേതൃത്വം.
കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോരാണ് ഇപ്പോഴും തുടരുന്നതെന്ന നിലയിലാണ് കോണ്‍ഗ്രസ് പെരുമാറുന്നത്. പ്രാദേശിക തലത്തിലെ യു ഡി എഫ് കണ്‍വെഷനുകളില്‍ നിന്നു കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് ലീഗ് പരാതിയുമായി എത്തിയത്.
മംഗലം, വെട്ടം, മേലാറ്റൂര്‍, എടപ്പറ്റ, കീഴാറ്റൂര്‍, അങ്ങാടിപ്പുറം, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്തില്ല. പൊന്നാനിയിലും മലപ്പുറത്തും ഇടതുസ്ഥാനാര്‍ഥികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് കാണിക്കുന്ന ഉദാസീനത, ലീഗിനു തലവേദനയായിട്ടുണ്ട്.