ടിപ്പര്‍ അപകടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് അദാനി ഗ്രൂപ്പ്; മകന്റെ ജീവന് വിലയിടാനില്ലെന്ന് പിതാവ്

ടിപ്പര്‍ അപകടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് അദാനി ഗ്രൂപ്പ്; മകന്റെ ജീവന് വിലയിടാനില്ലെന്ന് പിതാവ്
തിരുവനന്തപുരം | വിഴിഞ്ഞത്ത് ബി ഡി എസ് വിദ്യാര്‍ഥി അനന്തുവിന്റെ മരണത്തിനി ടയാക്കിയ ടിപ്പര്‍ അപകടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് അദാനി ഗ്രൂപ്പ്. അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്താണെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.

എന്നാല്‍ മകന്റെ ജീവനു വിലയിടാനില്ലെന്നും നിയമ നടപടിക്കില്ലെന്നും പിതാവ് അറിയിച്ചു. ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരാതിരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചോളം പേര്‍ ഇത്തരത്തില്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. അപകടം ആവര്‍ത്തിക്കില്ലെന്നു കലക്ടര്‍ വാക്കു തന്നിട്ടുണ്ട്. ആ വാക്കു പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണമുള്ള സമയത്ത് ടിപ്പര്‍ ഓടുന്നത് തടയാറുണ്ടെന്ന് പോലീസ് പറയുമ്പോഴും ഒന്നും നടക്കാറില്ലെന്ന് നാട്ടുകാരും പറയുന്നു. അപകടശേഷം ടിപ്പര്‍ കസ്റ്റഡിയിലെടുക്കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറുകള്‍ മൂലം അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് സ്‌കൂള്‍, കോളജ് സമയങ്ങളില്‍ ഈ മേഖലകളില്‍ ടിപ്പര്‍ ഓടുന്നത് ജില്ലാ ഭരണകൂടം കര്‍ശനമായി നിരോധിച്ചത്.

രാവിലെ എട്ട് മണി മുതല്‍ 10 വരെയും വൈകിട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയുമാണ് നിരോധനം. ഈ നിയന്ത്രണം മറികടന്നാണ് സ്‌കൂള്‍, കോളജ് സമയങ്ങളില്‍ വിഴിഞ്ഞത്ത് ടിപ്പര്‍ തലങ്ങും വിലങ്ങും ഓടുന്നത്.

നിരവധി കമ്പനികളാണ് അദാനി ഗ്രൂപ്പിന് വേണ്ടി പാറക്കല്ലുകള്‍ വിഴിഞ്ഞത്ത് എത്തിക്കുന്നത്. കഴിഞ്ഞദിവസം അപകടമുണ്ടാക്കിയ ടിപ്പര്‍ പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാട് കമ്പനിയായ വീശാംകോയ്ക്ക് വേണ്ടിയാണ്. തുറമുഖത്തിനകത്ത് 10 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമാണ് ഈ ടിപ്പറുകള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി. അതേ ടിപ്പറുകളാണ് പുറത്ത് മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാതെ ചീറിപ്പായുന്നത്.പദ്ധതി പ്രദേശത്തിന് പുറത്ത് നടക്കുന്ന അപടകങ്ങളില്‍ തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്വമില്ലെന്നാണ് അദാനി തുറമുഖ അധികൃതരുടെ വാദം.

അപകടത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കും. അദാനി ഗ്രൂപ്പ് പ്രതിനിധികളും തുറമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരും യോഗത്തില്‍ പങ്കെടുക്കും. അനന്തുവിന്റെ കുടുംബത്തിനും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ന്യായമായ ധനസഹായം ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയരും. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ ഉറപ്പാക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്.
Previous Post Next Post