രാജീവ് ചന്ദ്രശേഖറും ഇ പി ജയരാജനും തമ്മില്‍ ബിസിനസ് ബന്ധം; ആരോപണം ആവര്‍ത്തിച്ച് വി ഡി സതീശന്‍
തിരുവനന്തപുരം | തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേരത്തെ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു. ഇപ്പോള്‍ പരസ്യമായ കൂട്ടുകെട്ടാണ്. അവര്‍ തമ്മില്‍ കണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. ഇനിയും ജയരാജന്‍ നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടും.
ഇ പി വെറും ഉപകരണം മാത്രമാണ്. ഇ പി തനിക്കെതിരെ കേസ് കൊടുത്താല്‍ സ്വാഗതം ചെയ്യും. വൈദികം റിസോര്‍ട്ട് ആരുടേതാണെന്നും വൈദികത്തിലെ ഇ ഡി അന്വേഷണം, ഐ ടി റെയ്ഡ് എന്നിവയെ കുറിച്ചും എല്ലാവര്‍ക്കുമറിയാം. വൈദികവുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം ഒഴിവാക്കാന്‍ രാജീവ് ചന്ദ്രശേഖറുമായി ഇ പി ജയരാജന്‍ കൂട്ടുകെട്ടുണ്ടാക്കി. അത് സെറ്റില്‍ ചെയ്യാന്‍ ബി ജെ പിക്കാരനായ കേന്ദ്ര മന്ത്രിക്ക് എല്ലാം വിട്ടുകൊടുത്തു. തനിക്കും ഭാര്യക്കും ഇ പിയുടെയും ഭാര്യയുടെയും സ്വത്തുക്കള്‍ ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ബി ജെ പിയെ പേടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാസപ്പടി കേസില്‍ മൗനത്തിന്റെ മഹാമാളത്തിലാണ് മുഖ്യമന്ത്രി. ഗുരുതരമായ പണമിടപാടാണ് നടന്നത്. കേസുകള്‍ കാരണമാണ് മുഖ്യമന്ത്രി ബി ജെ പിയെ ഭയക്കുന്നത്. ഇ പി ജയരാജനെ ഉപയോഗിച്ച് ബി ജെ പിയുമായി മുഖ്യമന്ത്രി സെറ്റില്‍മുണ്ടാക്കുകയാണ്. കേരളത്തില്‍ ബി ജെ പിക്ക് ഇടമുണ്ടാക്കി കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.