കെജ്രിവാളിന്റെ അറസ്റ്റിൽ തെളിയുന്നത് ഇലക്ടറൽ ബോണ്ട് ചർച്ചയാകുന്നതിലുള്ള ബി.ജെ.പിയുടെ കടുത്ത ആശങ്ക; പ്രതിപക്ഷ പാർട്ടികൾക്കുള്ള മുന്നറിയിപ്പ്

കെജ്രിവാളിന്റെ അറസ്റ്റിൽ തെളിയുന്നത് ഇലക്ടറൽ ബോണ്ട് ചർച്ചയാകുന്നതിലുള്ള ബി.ജെ.പിയുടെ കടുത്ത ആശങ്ക; പ്രതിപക്ഷ പാർട്ടികൾക്കുള്ള മുന്നറിയിപ്പ്

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അരവിന്ദ് കെജ്രിവാളിനെ നാടകീയമായി അറസ്റ്റ് ചെയ്ത സർക്കാർ നീക്കത്തിൽ തെളിയുന്നത് ഇലക്ടറൽ ബോണ്ട് ചർച്ചയാകുന്നതിലുള്ള കടുത്ത ആശങ്ക കൂടിയാണ്. കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ്ചെയ്യുന്നതിന് മുമ്പ് കെജ്രിവാളിന്‍റെയും ഭാര്യയുടെയും ഫോണുകൾ പിടിച്ചെടുത്തു. ലാപ്ടോപ്പിലെയും ടാബ്‍ലറ്റിലെയും വിവരങ്ങൾ പകർത്തി. തുടർന്നാണ് അറസ്റ്റ് ചെയ്തത്. സെർച് വാറന്‍റുമായാണ് കെജ്രിവാളിന്‍റെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് ഇ.ഡി സംഘം എത്തിയത്. പുതിയ സമൻസ് നൽകാനാണെന്നും സെർച് വാറന്‍റ് ഉണ്ടെന്നുമാണ് ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്. അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഇ.ഡി സംഘം കെജ്രിവാളിന്റെ വസതിയിലെത്തി വ്യാഴാഴ്ച രാത്രി 9.15ഓടെ അറസ്റ്റ് ചെയ്തത്. ദില്ലിയിലെ കോൺഗ്രസ് – ആംആദ്മി പാർട്ടി സഖ്യം ഉയർത്തുന്ന വെല്ലുവിളിയും ബിജെപി നീക്കത്തിന് കാരണമായി. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ കൂട്ടായ്മ ദൃഢമാക്കാൻ കെജ്രിവാളിൻ്റെ അറസ്റ്റ് ഇടയാക്കാനാണ് സാധ്യത. അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിലേക്ക് ഇഡി നീങ്ങുമ്പോൾ ഇലക്ട്രൽ ബോണ്ടിൽ നിർണ്ണയക വിവരങ്ങൾ എസ്ബിഐ കൈമാറിയ രേഖയിലൂടെ പുറത്ത് വരികയായിരുന്നു. കണക്ക് നോക്കാൻ മൂന്ന് മാസം വേണം എന്ന് വാദിച്ച എസ്ബിഐയാണ് കോടതി കടുപ്പിച്ചപ്പോൾ എല്ലാം നല്‍കി തലയൂരിയത്. ബോണ്ട് വിവരം മൂടിവയ്ക്കാൻ നടത്തിയ നീക്കങ്ങളും സംഭാവനയുടെ വിവരങ്ങളും ചർച്ചയായി തുടങ്ങിയപ്പോഴാണ് കെജ്രിവാളിൻ്റെ അറസ്റ്റിലൂടെ വാർത്ത മാറ്റിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് അരവിന്ദ് കെജ്രിവാളിന് ആദ്യ സമൻസ് നല്‍കിയത് മുതൽ അറസ്റ്റിനുള്ള നീക്കം ഇഡി നടത്തിയിരുന്നു. എന്നാൽ സമൻസ് തുടർച്ചയായി അവഗണിച്ചാണ് കെജ്രിവാൾ അറസ്റ്റ് നീക്കം ചെറുത്തത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിൽ രണ്ടഭിപ്രായം ബിജെപിയിലുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ സഹതാപത്തിലൂടെ വോട്ട് നേടാൻ കെജ്രിവാളിനെ ഇത് സഹായിക്കും എന്നായിരുന്നു ചില നേതാക്കളുടെ നിലപാട്. എന്നാൽ അറസ്റ്റിലൂടെ ഒരു ചൂതാട്ടത്തിന് ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായിരിക്കുന്നത്. വാരാണസിയിൽ മോദിക്കെതിരെ മത്സരിച്ചത് മുതൽ കെജ്രിവാളിനോടുള്ള രോഷവും ഈ നീക്കത്തിന് കാരണമായി. പല ലക്ഷ്യങ്ങളോടെയാണ് കെജ്രിവാളിന്‍റെ അറസ്റ്റ് നടപ്പാക്കിയിരിക്കുന്നത്. ബിജെപിക്കെതിരെ ഇലക്ട്രൽ ബോണ്ടിൻ്റെ കാര്യത്തിൽ ഉയരുന്ന വിമർശനത്തിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നത് തന്നെയാണ്, ഈ സമയം തെരഞ്ഞെടുത്തതിലെ പ്രധാന ലക്ഷ്യം. മുഖ്യമന്ത്രിയായിരിക്കെ ഇതാദ്യമായി ഒരു നേതാവിനെ അറസ്റ്റ് ചെയ്ത് കൊണ്ട് എതിർപക്ഷത്തുള്ള പല നേതാക്കൾക്കും ബിജെപി മുന്നറിയിപ്പ് നല്‍കുന്നു. ഹേമന്ദ് സോറൻ ജയിലിൽ പോയി 50 ദിവസത്തിന് ശേഷമാണ് കെജ്രിവാളിനെയും ഇഡി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആർക്കെതിരെയും ഏതറ്റം വരെയും പോകും എന്ന സന്ദേശമാണിത്. കോൺഗ്രസിൻ്റെ ഫണ്ട് തടഞ്ഞതിനെതിരെ സോണിയ ഗാന്ധിക്ക് തന്നെ വാർത്താസമ്മേളനം നടത്തേണ്ടി വന്ന ദിവസമാണ് ഈ അറസ്റ്റ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് കൊണ്ട് ആംആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്ന മൂന്നാം ലക്ഷ്യവും ഇതിൽ വ്യക്തമാണ്. ബിജെപിയേയും കോൺഗ്രസിനെയും ഞെട്ടിച്ചു കൊണ്ടാണ് ദില്ലിയിൽ കെജ്രിവാൾ അധികാരം പിടിച്ചത്. പഞ്ചാബ് കൂടി നേടിയ കെജ്രിവാൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാൻ നോക്കുന്നു. ദില്ലി മദ്യനയ കേസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ യുവ കക്ഷിയുടെ നിലനില്പ് പ്രതിസന്ധിയിലാക്കുകയാണ്. കേന്ദ്രത്തിൽ അധികാരം നിലനിറുത്താനുള്ള എല്ലാ കുതന്ത്രങ്ങളും ബിജെപി പുറത്തെടുക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് ഇത് എങ്ങനെ നേരിടാനാകും എന്നതാണ് പ്രധാന ചോദ്യം. ഒരിക്കൽ മദ്യനയകേസ് കെജ്രിവാളിനെതിരെ ആയുധമാക്കിയ കോൺഗ്രസ് ഇന്ന് ബിജെപി നീക്കത്തെ ചെറുക്കാനുള്ള യോജിച്ചുള്ള സമരത്തിന് തയ്യാറായിരിക്കുന്നു. പ്രതിപക്ഷത്തെ കൂട്ടായ്മ ഉറപ്പിക്കാൻ ഇന്നലെ രാത്രി നടന്ന നീക്കങ്ങൾ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ധാർമ്മിക ബലം കൂടി കിട്ടാൻ കോടതി സ്വീകരിക്കുന്ന സമീപനം പ്രധാനമാണ്. കെജ്രിവാൾ സിസോദിയേയും സത്യേന്ദർ ജയിനേയും പോലെ ഒരു പാട് കാലം ജയിലിൽ കിടന്നാൽ അത് ആംആദ്മി പാർ‍ട്ടിയുടെ ഭാവിക്കും പ്രതിപക്ഷത്തിൻ്റെ സാധ്യതകൾക്കും വൻ തിരിച്ചടിയാകും. അതെ സമയം അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിക്കുകയാണ് ബിജെപി. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. എന്നാല്‍, കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കുമെന്നാണ് എ.എ.പി നേതാക്കൾ ആവര്‍ത്തിക്കുന്നത്. 

എന്താണ് മദ്യനയ കേസ്

2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. പുതുക്കിയ മദ്യനയ പ്രകാരം സര്‍ക്കാര്‍ മദ്യ വില്‍പ്പനയില്‍ നിന്ന് പൂര്‍ണമായും പിന്മാറി. ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‍ലെറ്റുകള്‍ക്ക് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കിയത്. സ്വകാര്യ ഔട്ട്‍ലെറ്റിലൂടെ മത്സരിച്ച് മദ്യ വില്‍പ്പന തുടങ്ങിയതോടെ മദ്യത്തില്‍ ഗുണനിലവാരത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നു. മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി. ബിജെപി ദില്ലി അധ്യക്ഷനും എം.പിയും ആയിരുന്ന മനോജ് തിവാരി ലഫ്. ഗവര്‍ണര്‍ക്കും സിബിഐക്കും കത്ത് നല്‍കി. മദ്യനയം നടപ്പാക്കിയതില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി ചീഫ് സെക്രട്ടറി തല അന്വേഷണത്തില്‍ തെളിഞ്ഞു. ലൈസൻസ് ഫീയില്‍ നല്‍കിയ 144.36 കോടിയുടെ ഇളവ് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തല്‍. ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് മദ്യനയം നടപ്പാക്കിയതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പിന്നാലെ സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഗവര്‍ണര്‍. 2022 ജൂലൈ 30 ന് ദില്ലി സര്‍ക്കാര്‍ മദ്യ നയത്തില്‍ നിന്ന് പിന്മാറി. ഓഗസ്റ്റ് മുതല്‍ പഴയ മദ്യ നയം നടപ്പാക്കാൻ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു. മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കി സിബിഐ എഫ്ഐആർ സമര്‍പ്പിക്കുന്നു. 2023 മാര്‍ച്ച് 9 ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതിയിലെ കള്ളപ്പണക്കേസ് അന്വേഷണം ഏറ്റെടുത്ത് ഇഡി. 2023 ഒക്ടബോര്‍ നാലിന് ആപ്പ് എംപി സഞ്ജയ് സിങ് അറസ്റ്റില്‍. പിന്നാലെ ബിആര്‍എസ് നേതാവ് കെ കവിത ഒടുവില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഇഡി അറസ്റ്റ് ചെയ്തു. അഴിമതിക്കെതിരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന നക്ഷത്രമാണ് ഒടുവിൽ അഴിമതി കേസിൽ തന്നെ അറസ്റ്റിൽ ആകുന്നത്. ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നാമനായ അരവിന്ദ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ പ്രഹര ശേഷി എതിരാളികളെ വ്യക്തമാക്കുകയാണ്.
Previous Post Next Post