പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തും; പി.കെ കുഞ്ഞാലിക്കുട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തും; പി.കെ കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി| പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ധൃതിപിടിച്ച് നിയമം നടപ്പാക്കില്ലെന്ന് ലീഗിന്റെ ഹരജിയില്‍ കേന്ദ്രം ഉറപ്പുനല്‍കിയതാണെന്നും തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരക്കിട്ടു നടത്തിയ വിജ്ഞാപനത്തെ കോടതിയില്‍ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഡല്‍ഹിയില്‍ നടന്ന ലീഗ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

236 ഹരജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യുക, നിയമത്തെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുക എന്നിവയാണ് ഹരജിക്കാരുടെ ആവശ്യം. കേരളം, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകളും മുസ് ലിം ലീഗ്, സി പി ഐ, ഡി വൈ എഫ് ഐ, എസ് എഫ് ഐ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ടിഎന്‍ പ്രതാപന്‍ തുടങ്ങിയവരാണ് പ്രധാന ഹരജിക്കാര്‍.
Previous Post Next Post