വര്‍ണ്ണാഭമായി കോതച്ചിറ അപ്പത്തുവളപ്പ് പൂരം ആഘോഷിച്ചു
കൂറ്റനാട് : കോതച്ചിറ അപ്പത്തുവളപ്പ്
വാഴാനിക്കാവ് ഭഗവതിക്ഷേത്രത്തിലെ
പൂരാഘോഷം വർണാഭമായി.തൃത്താലമേഖലയിലെ ഉത്സവാഘോഷങ്ങളുടെ അവസാനത്തെ ആഘോഷങ്ങളിൽപ്പെടുന്നതാണ് അപ്പത്തുവളപ്പ് പൂരാഘോഷം.തെച്ചിക്കോട്ട് രാമചന്ദ്രൻ,തിരുവമ്പാടി കണ്ണൻ,ഉട്ടോളി അനന്തൻ,തിരുവമ്പാടി ചന്ദ്രശേഖരൻ, മീനാട് വിനായകൻ, പാറന്നൂർ നന്ദൻ, ഒല്ലൂക്കര ജയറാം തുടങ്ങിയ ആനകളോടൊപ്പം വാദ്യകുലപതികളായ പെരിങ്ങോട്ടെ മുതിർന്ന പഞ്ചവാദ്യ കലാകാരന്മാരും ഉത്സവത്തിനുണ്ടായിരുന്നു. ഉച്ച തിരിഞ്ഞ് മൂന്നിന് ക്ഷേത്രനടയിൽനിന്ന് ദേവസ്വം എഴുന്നള്ളിപ്പ് തുടങ്ങി. ദേവസ്വം കമ്മിറ്റിയുടെ തിരുവമ്പാടി കണ്ണൻ തിടമ്പേറ്റി.ശിവദം കമ്മിറ്റിക്കുവേണ്ടി തെച്ചിക്കോട്ട് രാമചന്ദ്രനും തിടമ്പേറ്റി. വൈകീട്ട് അഞ്ചിന് ആന,പഞ്ചവാദ്യത്തോടെയുള്ള വിവിധ എഴുന്നള്ളിപ്പുകൾ ക്ഷേത്രാങ്കണത്തിലെത്തി. കോതച്ചിറ വടക്ക്, മൂളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പതിനേഴോളം ഉപ കമ്മിറ്റികളുടെ പരിപാടികൾ ഉണ്ടായിരുന്നു. പ്രാചീന വേഷങ്ങൾ, നൃത്ത പരിപാടികൾ,നാടൻകലകൾ, പരമ്പരാഗത പൂതൻ, തിറ, കാളി, കണ്ണൂർ തെയ്യം,ചെണ്ടവാദ്യങ്ങൾ എന്നിവയും പൂരാഘോഷത്തിന് അലങ്കാരമായി.പൂരത്തലേന്ന് ഇടയ്ക്ക കലാകാരൻ പെരിങ്ങോട് മണികണ്ഠൻ്റെ നേതൃത്വത്തിൽ ഞെരളത്ത് കലാഗ്രാമം സോപാനസംഗീതവും അവതരിപ്പിച്ചു.