വനിതാ പ്രീമിയര്‍ ലീഗ്; കിരീടമുയര്‍ത്തി ആര്‍ സി ബി

വനിതാ പ്രീമിയര്‍ ലീഗ്; കിരീടമുയര്‍ത്തി ആര്‍ സി ബി
ന്യൂഡല്‍ഹി | വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു കിരീടം. 114 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂര്‍ 3 പന്ത് ബാക്കിനിര്‍ത്തി എട്ട് വിക്കറ്റിനാണ് വിജയിച്ചത്. 35 റണ്‍സ് നേടിയ എലിസ് പെറി ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോററായി.

കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂര്‍ ശ്രദ്ധാപൂര്‍വമാണ് ബാറ്റ് വീശിയത്. സഡല്‍ഹി ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ആര്‍സിബിയ്ക്ക് സ്‌കോറിങ് ദുഷ്‌കരമാക്കുകയും ചെയ്തു. ആദ്യ പവര്‍ പ്ലേയില്‍ വെറും 25 റണ്‍സാണ് ആര്‍സിബി നേടിയത്.

രാധ യാദവിന്റെ ഒരു ഓവറില്‍ 18 റണ്‍സ് നേടിയ ഡിവൈന്‍ കളി ആര്‍സിബിയ്ക്ക് അനുകൂലമാക്കി. 27 പന്തില്‍ 32 റണ്‍സ് നേടിയ താരത്തെ ഒടുവില്‍ ശിഖ പാണ്ഡെ മടക്കി അയച്ചു. 49 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷമാണ് ഡിവൈന്‍ മടങ്ങിയത്. മൂന്നാം നമ്പറിലെത്തിയ എലിസ് പെറിയും സാവധാനമാണ് കളിച്ചത്. 15ആം ഓവറില്‍ മലയാളി താരം മിന്നു മണി 31 റണ്‍സ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ദനയെ പുറത്താക്കി ഡല്‍ഹിയ്ക്ക് പ്രതീക്ഷ നല്‍കി.

തകര്‍പ്പന്‍ ബൗളിംഗും ഫീല്‍ഡിംഗും കാഴ്ചവച്ച ഡല്‍ഹി ആര്‍സിബിയുടെ ചേസിങ് അവസാന ഓവറിലേക്ക് നീട്ടുകയായിരുന്നു. അവസാന ഓവറില്‍ അഞ്ച് റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. അരുന്ധതി റെഡ്ഡി എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറി നേടി റിച്ച ഘോഷ് ആര്‍സിബിയ്ക്ക് ആദ്യ ഡബ്ല്യുപിഎല്‍ കിരീടം സമ്മാനിക്കുകയായിരുന്നു.
Previous Post Next Post