മധ്യപ്രദേശിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു; കമൽനാഥിന്റെ അടുത്ത സഹായി ഉൾപ്പെടെ നേതാക്കൾ പാർട്ടി വിട്ടു
ഭോപ്പാൽ | ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ അടുത്ത സഹായി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. മുൻ കോൺഗ്രസ് വക്താവും കമൽനാഥിന്റെ വിശ്വസ്തനുമായ സയ്യിദ് സഫറും മറ്റു ചില കോൺഗ്രസ് നേതാക്കളുമാണ് ബിജെപി ടിക്കറ്റെടുത്തത്. ഇതോടൊപ്പം ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാന ഭാരവാഹിയും ബിജെപിയിൽ ചേർന്നു.
സയ്യിദ് സഫർ ഭോപ്പാലിൽ മുഖ്യമന്ത്രി മോഹൻ യാദവിൻ്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മയുടെയും സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഛിന്ദ്വാര സ്വദേശിയായ സഫർ, കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിൻ്റെ അടുത്ത അനുയായി അറിയപ്പെടുന്നയാളാണ്.
എക്സിലെ പ്രൊഫൈൽ വിവരങ്ങൾ അനുസരിച്ച്, നിലവിൽ സഫർ മധ്യപ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്നു. എന്നാൽ സഫർ ഇപ്പോൾ പാർട്ടിയിൽ ഒരു പദവിയും വഹിക്കുന്നില്ലെന്ന് സംസ്ഥാന കോൺഗ്രസ് മാധ്യമ വിഭാഗം ചെയർമാൻ കെകെ മിശ്ര പറഞ്ഞു.
മധ്യപ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി മനീഷ ദുബെയാണ് സഫറിനൊപ്പം കോൺഗ്രസ് വിട്ട മറ്റൊരാൾ. ബിഎസ്പിയുടെ സംസ്ഥാന ഇൻചാർജ് റാംസഖ വർമയും ബിജെപിയിലേക്ക് കൂറുമാറി.
മധ്യപ്രദേശിൽ അടുത്തിടെയായി കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തുന്ന നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. ഈ മാസം ആദ്യം മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, ധാർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള മുൻ എംപി ഗജേന്ദ്ര സിംഗ് രാജുഖേദി എന്നിവരും മറ്റ് നിരവധി കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേർന്നിരുന്നു.