സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകനം ഇന്ന് തൃശൂരിൽ; എം.വി ഗോവിന്ദൻ പങ്കെടുക്കും

സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകനം ഇന്ന് തൃശൂരിൽ; എം.വി ഗോവിന്ദൻ പങ്കെടുക്കും

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബുധനാഴ്ച സി.പി.എം യോഗം ചേരും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്താണ് വിലയിരുത്തൽ യോഗം. രാവിലെ 10ന് തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം. തൃശൂർ പാർലമെണ്ട് മണ്ഡലം, ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങളുടെ ജില്ലയിലെ പ്രവർത്തനങ്ങളും വിലയിരുത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ആലത്തൂർ പാർലമന്റ് മണ്ഡലം യോഗം വടക്കഞ്ചേരി ഓഫീസിൽ ചേരും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനും കെ.മുരളീധരൻ സ്ഥാനാർഥിയായതിനും ശേഷമുള്ള ആദ്യ വിലയിരുത്തലാണ് നടത്തുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കൽ, ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ, പ്രാദേശികതലത്തിൽ നിന്നുള്ള വിവരങ്ങൾ എന്നിവയടക്കമുള്ള റിപ്പോർട്ട് നിർദേശിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റിയംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. വൈകീട്ട് തൃശൂർ അസംബ്ളി മണ്ഡലം യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. തൃശൂരിലെ സ്ഥാനാർഥി വി.എസ് സുനിൽകുമാർ സി.പി.ഐയുടെ പ്രതിനിധി ആണെങ്കിലും തിരഞ്ഞെടുപ്പ് ഏകോപനം സി.പി.എം ആണ് നടത്തുന്നത്. പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ച് ബി.ജെ.പി വിജയ പ്രതീക്ഷ വെക്കുന്ന മണ്ഡലം. സിറ്റിംഗ് എം.പിയെ അപ്രതീക്ഷിതമായി മാറ്റി മത്സരം കടുപ്പിച്ച മണ്ഡലം. സർക്കാരിനെയും പാർട്ടിയെയും കടുത്ത പ്രതിസന്ധിയിലാക്കിയതും ഇവിടെ നിന്നായതിനാൽ തൃശൂരിലെ വിജയം അനിവാര്യമാണെന്നതാണ് സി.പി.എം നിർദേശം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി തന്നെ പങ്കെടുത്ത് വിലയിരുത്തൽ നടത്തുന്നത്.
Previous Post Next Post