സിദ്ധാര്‍ത്ഥന്റെ മരണം; ട്യൂട്ടര്‍ക്കും ഡീനിനും വി സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീനിനും ഹോസ്റ്റല്‍ ചുമതലക്കാരനായ ട്യൂട്ടര്‍ക്കും വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഡീന്‍ എംകെ നാരായണനും ട്യൂട്ടര്ക്കുമാണ് നോട്ടീസ് അയച്ചത്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇന്നു തന്നെ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഹോസ്റ്റലിലും കാമ്പസിലും നടന്ന സംഭവങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് വി സി നോട്ടീസില്‍ ചോദിക്കുന്നു. കാമ്പസിനകത്ത് ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദ്ദനം അരങ്ങേറുക, ഇത് ഒരു വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിക്കുക ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും ഡീനും ട്യൂട്ടറും ഒന്നും അറിഞ്ഞിരുന്നില്ല എന്നത് അംഗീകരിക്കാനാകില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്.