കെജ്‌രിവാളിന് അനുകൂലമായ പ്രസ്താവന; ജര്‍മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ
ബെര്‍ലിന്‍ | അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി പ്രസ്താവന നടത്തിയതില്‍ ജര്‍മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണെന്നും നിയമം എങ്ങനെ നടപ്പാക്കാമെന്ന് നന്നായി അറിയാമെന്നും മന്ത്രാലയം വ്യക്തമാക്കി. ജര്‍മന്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രാലയം വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്.
കെജ്‌രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. കേസില്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആരോപണങ്ങള്‍ നേരിടുന്ന ഏതൊരാളെ പോലെയും നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണക്കുള്ള അവകാശം കെജ്‌രിവാളിനുണ്ട്. ഒരു തടസ്സവുമില്ലാതെ എല്ലാ നിയമവഴികളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിനാകണം. നിരപരാധിത്വത്തിനുള്ള സാധ്യത നിയമവാഴ്ചയുടെ അടിസ്ഥാന ഘടകമാണ്. അത് കെജ്‌രിവാളിന്റെ കാര്യത്തിലുമുണ്ടാകണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പ്രതികരിച്ചു.