മഹാത്മഗാന്ധിയുടെ ആദ്യ തൃശൂർ സന്ദർശനത്തിന്റെ 99-ാം വാർഷികം ഇന്ന്; മണികണ്ഠനാലിൽ സ്മരണ സദസ് വൈകീട്ട്

മഹാത്മഗാന്ധിയുടെ ആദ്യ തൃശൂർ സന്ദർശനത്തിന്റെ 99-ാം വാർഷികം ഇന്ന്; മണികണ്ഠനാലിൽ സ്മരണ സദസ് വൈകീട്ട്

സ്വാതന്ത്ര്യസമരപ്പോരാട്ട കാലത്ത് അഞ്ചു തവണ കേരളത്തിലെത്തിയ ഗാന്ധിജി, സംസ്ഥാനത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ രണ്ടാം സന്ദർശനത്തിന് 99-ാം വാർഷികമാണ്. സമുദായ നേതാക്കൾ മുതൽ തൊഴിലാളികൾ വരെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി സമ്പർക്കം പുലർത്തിയ ഗാന്ധിജി വിദ്യാലയങ്ങളിലും കൊട്ടാരങ്ങളിലുമെല്ലാം അതിഥിയായെത്തുകയും ചെയ്തു. സമൂഹത്തെ ആകെമാനം സ്വാധീനിച്ച മഹാത്മാവായിരുന്നു ഗാന്ധി എന്നു തെളിയിക്കുന്നവയാണ് അദ്ദേഹത്തിന്റെ കേരള സന്ദർശനങ്ങളെല്ലാം. ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച് സ്വാതന്ത്ര്യസമരത്തിന്റെ ആവേശം ജനങ്ങളിലേക്ക് പകർന്നുകൊടുക്കാൻ ഗാന്ധി കാണിച്ച ആർജവം അത്രത്തോളം മറ്റൊരു നേതാവിൽനിന്നും ഉണ്ടായിട്ടുണ്ടാകില്ല. കേരളക്കരക്കുമുണ്ടായി ഗാന്ധിയെക്കാണാനുള്ള ഭാഗ്യം, അതും അഞ്ചു തവണ. ഖിലാഫത്ത് പ്രസ്ഥാനം, വൈക്കം സത്യഗ്രഹം, ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ച തുടങ്ങി നിരവധി കാര്യങ്ങൾ തനിക്ക് പ്രചോദനമായതായി ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ വരവ് ജനങ്ങളിൽ ദേശീയതയുടെയും ഐക്യത്തിെൻറയും ബോധമുണ്ടാക്കി. ഐക്യകേരളം എന്ന ആശയം ജനഹൃദയങ്ങളിൽ നിറക്കാൻ സന്ദർശനങ്ങൾ സഹായകമായി.

1920 ഓഗസ്റ്റ് 18–19 2 ദിവസം)

ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർഥമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുന്നത്.

ഓഗസ്റ്റ് 18: കോഴിക്കോട്, മൗലാനാ ഷൗക്കത്തലിയുടെ കൂടെ കടപ്പുറത്ത് പൊതുയോഗം.

ഓഗസ്റ്റ് 19: മംഗലാപുരത്തേക്കു പോയി.

1925 മാർച്ച് 8–19 (12 ദിവസം)

വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചായിരുന്നു ഗാന്ധിജിയുടെ രണ്ടാമത് കേരള സന്ദർശനം.

മാർച്ച് 8: കൊച്ചിയിൽ ഓൾഡ് റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. റെയിൽവേ ബംഗ്ലാവിൽ വിശ്രമിച്ച ശേഷം ബോട്ടിൽ മട്ടാഞ്ചേരിയിലേക്ക്. ‘ലക്ഷ്മി’എന്നായിരുന്നു ആ ബോട്ടിന്റെ പേര്. മഹാരാജാസ് കോളജും സന്ദർശിച്ചു.

മാർച്ച് 9: കൊച്ചിയിൽ

മാർച്ച് 10: വൈക്കത്തു പൗരസ്വീകരണം, വൈഎംസിഎ സെക്രട്ടറിയുമായി അഭിമുഖ സംഭാഷണം, കായൽക്കര സമ്മേളനം. അന്നു വൈക്കത്തെ ജനസംഖ്യ വെറും 3000 ആയിരുന്നു. മഹാത്മജിയുടെ പ്രസംഗം കേൾക്കാൻ കായൽക്കരയിൽ തടിച്ചുകൂടിയത് 21,000 പേരും.

മാർച്ച് 11: വൈക്കം സത്യഗ്രഹികൾക്കായി ശ്രീനാരായണഗുരു സ്‌ഥലം വിലയ്‌ക്കുവാങ്ങി സ്‌ഥാപിച്ച സത്യഗ്രഹ ആശ്രമത്തിലെ അന്തേവാസികളെ അഭിസംബോധന ചെയ്തു. ഈ ആശ്രമം ആണ് ഇന്ന് ആശ്രമം സ്‌കൂൾ എന്ന പേരിൽ പ്രവർത്തിക്കുന്ന സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ. തുടർന്ന് ആലപ്പുഴയിലേക്ക്. മുനിസിപ്പൽ കൗൺസിലിനു വേണ്ടി ഡോ. പി.കെ പണിക്കർ ഗാന്ധിജിയെ സ്വീകരിച്ചു.

മാർച്ച് 12: കൊല്ലത്ത് വിശ്രമം. വർക്കലയിൽ തിരുവിതാംകൂർ മഹാറാണിയെ സന്ദർശിച്ചു. ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചു.

മാർച്ച് 13: ശിവഗിരി മഠത്തിന്റെ സ്വീകരണം.

മാർച്ച് 13: അന്നു തന്നെ തിരുവനന്തപുരത്ത്. തിരുവിതാംകൂർ മഹാരാജാവിനെയും മഹാറാണിയെയും ദിവാനെയും സന്ദർശിച്ചു. ഫോർട്ട് ഹൈസ്കൂൾ, ഗേൾസ് സ്കൂൾ, സയൻസ് കോളജ്, ലോ കോളജ് തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം.

മാർച്ച് 14: ബാലരാമപുരം പുലയ സ്കൂൾ സന്ദർശനം. നെയ്യാറ്റിൻകര, കളിയിക്കാവിള, കുഴിത്തുറ, തക്കല വഴി കന്യാകുമാരിയിലേക്ക്. കടൽ കടന്നു സഞ്ചരിച്ചു എന്ന കാരണത്താൽ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടു. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിൽ സ്വീകരണം.

മാർച്ച് 15: തിരുവനന്തപുരത്തു മടങ്ങിയെത്തി. കഴക്കൂട്ടം, ആറ്റിങ്ങൽ, കുണ്ടറ, കൊട്ടാരക്കര, അടൂർ, പന്തളം വഴി ചെങ്ങന്നൂർ എത്തി. അവിടെ മുനിസിപ്പാലിറ്റിയുടെ സ്വീകരണം. തിരുവല്ല വഴി ചങ്ങനാശേരിയിൽ. അവിടെയും മുനിസിപ്പാലിറ്റിയുടെ സ്വീകരണം. തുടർന്ന് കോട്ടയത്ത്. ബിഷപ് ചൂളപ്പറമ്പിലിനെ സന്ദർശിച്ചു. കൈതാരം സ്വാമിയാർ മഠം സന്ദർശിച്ചു. എംടി സെമിനാരിയിൽ താമസം (ഇന്ന് എംടി സെമിനാരി സ്‌കൂൾ വളപ്പിലെ ഗാന്ധി സ്‌മാരകം)

മാർച്ച് 16: വൈക്കത്തു താമസം.

മാർച്ച് 17: സത്യഗ്രഹാശ്രമത്തിൽ പുലയ മഹാസഭയിൽ പങ്കെടുത്തു. സവർണനേതാവായ ഇണ്ടൻതുരുത്തി നമ്പൂതിരിയുമായി കൂടിക്കാഴ്ച. പൊലീസ് കമ്മിഷണർ പിറ്റ് ഗാന്ധിജിയെ സന്ദർശിച്ചു.

മാർച്ച് 18: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജ് സന്ദർശിച്ചു. തിരുവിതാംകൂർ മഹാരാജാവ് കോളജിനു വിട്ടുകൊടുത്ത കച്ചേരിമാളികയുടെ മുറ്റത്തു തേന്മാവിൻതൈ നട്ടു. പറവൂർ മുനിസിപ്പാലിറ്റിയുടെ സ്വീകരണം. അദ്വൈതാശ്രമം സന്ദർശിച്ചു.

മാർച്ച് 18: അന്നു തന്നെ തൃശൂരിൽ. വിവേകോദയം ഹൈസ്കൂൾ സന്ദർശനവും തേക്കിൻകാട് മൈതാനിയിൽ പൊതുയോഗവും. നഗരാതിർത്തിയിൽ പുലയരുടെ വക യാത്രയയപ്പ്. വടക്കഞ്ചേരി, ആലത്തൂർ, പാലക്കാട്, ഒലവക്കോട് വഴി ശബരിയാശ്രമത്തിൽ.

മാർച്ച് 19: പാലക്കാട്ട് റെയിൽവേ തൊഴിലാളികളുടെ സ്വീകരണം.

1927 ഒക്ടോബർ 9–15, ഒക്ടോബർ 25

തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1927 ഒക്ടോബർ 9 മുതൽ 15 വരെയായിരുന്നു ഗാന്ധിജിയുടെ മൂന്നാമത്തെ സന്ദർശനം.

ഒക്ടോബർ 9: നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തി. ശ്രീചിത്തിര തിരുനാൾ ബാലരാമവർമയെയും റീജന്റ് സേതുലക്ഷ്മിഭായിയേയും കണ്ട് തിരുവാർപ്പ് ക്ഷേത്ര റോഡിൽ അയിത്തജാതിക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. വിജെടി ഹാളിൽ മഹിളാ സമ്മേളനം. പ്രവേശനം ടിക്കറ്റു വച്ച് നടത്തിയതിനെ ഗാന്ധിജി വിമർശിച്ചു. പുത്തൻ കച്ചേരി മൈതാനത്തു പൊതുയോഗം.

ഒക്ടോബർ 10: തിരുവനന്തപുരത്തു താമസം.

ഒക്ടോബർ 11: കൊല്ലത്തു പൊതുയോഗം

ഒക്ടോബർ 12: കരുവാറ്റ ഇംഗ്ലിഷ് ഹൈസ്കൂൾ സന്ദർശിച്ചു. ഹരിപ്പാട് വഴി ആലപ്പുഴ എത്തി. നൗറോജി നാരായണൻ വാലായുടെ വസതിയിൽ വിശ്രമിച്ചു. പൊതുയോഗവും സ്വീകരണവും.

ഒക്ടോബർ 13: കൊച്ചിയിൽ. ദിവാൻ ടി.എസ് നാരായണ അയ്യരും വി.കെ പാറുക്കുട്ടി നേത്യാരമ്മയും ഗാന്ധിജിയെ സന്ദർശിച്ചു. ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം. ഗുജറാത്തികളെ അഭിസംബോധന ചെയ്തു. ജയറാം സേട്ടിന്റെ സ്വീകരണം. ഹരിചന്ദ് മാനക്ചന്ദിന്റെ വസതിയിൽ ലഘുഭക്ഷണം. പൊതുയോഗം.

ഒക്ടോബർ 14: ഒല്ലൂർ വഴി തൃശൂർ. സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ താമസം.

ഒക്ടോബർ 15: സ്കൂളുകൾ സന്ദർശിച്ചു. തേക്കിൻകാട് മൈതാനത്ത് പൊതുയോഗം.

ഒക്ടോബർ 15: അന്നേ ദിവസം തന്നെ പാലക്കാട്ട് ശബരിയാശ്രമം സന്ദർശിച്ചു. പാലക്കാട്ടുനിന്നു കോയമ്പത്തൂരേക്കു പോയി. വീണ്ടും 25–ാം തീയതി കേരളത്തിൽ.

ഒക്ടോബർ 25: ഒറ്റപ്പാലം, ഷൊർണൂർ, വള്ളുവനാട്, തളിപ്പറമ്പ് വഴി കോഴിക്കോട്. ശ്യാംജി സുന്ദറിന്റെ വസതിയിൽ താമസം. സ്വീകരണം. ഹരിജനങ്ങളെ അഭിസംബോധന ചെയ്തു.

1934 ജനുവരി 10–22 (13 ദിവസം)

ഹരിജനഫണ്ട് ശേഖരണം മുഖ്യ ലക്ഷ്യമാക്കിയാണ് ഗാന്ധിജി നാലാമത് കേരളത്തിലെത്തിയത്.

ജനുവരി 10: ഒലവക്കോട് ശബരിയാശ്രമം സന്ദർശിച്ചു. പാലക്കാട്, ചിറ്റൂർ, കൊടുവായൂർ, തെങ്കുറിശ്ശി, നെച്ചുള്ളി, കരിമ്പുഴ, ചെർപ്പുളശേരി, ഒറ്റപ്പാലം വഴി ഗുരുവായൂർ.

ജനുവരി 11: ഗുരുവായൂർ പൊതുയോഗം. കുന്നംകുളത്തും പട്ടാമ്പിയിലും പൊതുയോഗങ്ങൾ.

ജനുവരി 12: പയ്യന്നൂർ വഴി കണ്ണൂർ, തലശേരി.

ജനുവരി 13: തലശേരി, മാഹി, വടകര, പാക്കനാർപുരം, കൊയിലാണ്ടി വഴി കോഴിക്കോട്. വടകരയിൽ വച്ച് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങളെല്ലാം ഗാന്ധിജിക്ക് സംഭാവനയായി നൽകി.

ജനുവരി 13: അന്നു തന്നെ കോഴിക്കോട് ടൗൺഹാളിൽ പൊതുയോഗം.

ജനുവരി 14: കൽപറ്റയിൽ സന്ദർശനം. കോഴിക്കോട് മലബാർ മർച്ചന്റ്സ് അസോസിയേഷന്റെ യോഗം, കടപ്പുറത്ത് പൊതുയോഗം.ജനുവരി 15: കോഴിക്കോട്.

ജനുവരി 16: അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നിവ സംബന്ധിച്ച് സാമൂതിരിമായി ചർച്ച.

ജനുവരി 16: അന്നു തന്നെ തൃശൂരിൽ എത്തി. രാമകൃഷ്ണ ഗുരുകുലത്തിൽ താമസം.

ജനുവരി 17: തൃശൂരിൽ ഹരിജന ഗ്രാമങ്ങൾ സന്ദർശിച്ചു. കൂർക്കഞ്ചേരിയിലും പെരുവാനത്തും ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും സന്ദർശനം.

ജനുവരി 17: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ പ്രസംഗം. എറണാകുളത്ത് ടാറ്റാ ഓയിൽ മില്ലിൽ താമസം.

ജനുവരി 18: തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, പള്ളുരുത്തി, തുറവൂർ, ആലപ്പുഴ, നെടുമുടി സന്ദർശനം.

ജനുവരി 19: കോട്ടയത്ത് സ്വീകരണവും പൊതുയോഗവും. ചങ്ങനാശേരിയിൽ എസ്എൻഡിപിയുടെ ആനന്ദാശ്രമം ഉദ്ഘാടനം. അടൂർ, പന്മന സന്ദർശനം.

ജനുവരി 20: പന്മനയിലും കൊല്ലത്തും ശിവഗിരിയിലും ഹരിജൻ കോളനികൾ സന്ദർശിച്ചു. വർക്കലയിൽ ശ്രീനാരായണഗുരു ആശ്രമം സന്ദർശിച്ചു.

ജനുവരി 20: തിരുവനന്തപുരത്ത് പൊതുയോഗം.

ജനുവരി 21: തിരുവനന്തപുരം ഹരിജൻ ഹോസ്റ്റൽ സന്ദർശനം. മഹിളാ സമ്മേളനം. പാപ്പനംകോട് വഴി നെയ്യാറ്റിൻകര. അമരവിള ക്രിസ്ത്യൻ ഹരിജന സമ്മേളനം. കുഴിത്തുറ, തക്കല വഴി നാഗർകോവിൽ.

ജനുവരി 22: കന്യാകുമാരി ധർമശാലയിൽ താമസം.

1937 ജനുവരി 12–21 (10 ദിവസം)

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാന്ധിജിയുടെ ഒടുവിലത്തെ കേരള സന്ദർശനം.

ജനുവരി 12: തിരുവനന്തപുരം മുനിസിപ്പാലിറ്റിയുടെ സ്വീകരണം.

ജനുവരി 13: ഹിന്ദി ബിരുദദാന സമ്മേളനത്തിൽ പ്രസംഗം. പത്മനാഭസ്വാമി ക്ഷേത്രം, ഹരിജൻ ഹോസ്റ്റൽ സന്ദർശനങ്ങൾ. പൊതുയോഗം.

ജനുവരി 14: തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ. വെങ്ങാനൂരിൽ അയ്യങ്കാളിയുമായി കൂടിക്കാഴ്ച, തുടർന്ന് തക്കല, തിരുവട്ടാർ. നാഗർകോവിലിൽ പൊതുയോഗം. കന്യാകുമാരിയിൽ വിശ്രമം.

ജനുവരി 16: തിരുവനന്തപുരം. വർക്കല ശിവഗിരി മഠത്തിൽ സമ്മേളനം. പാരിപ്പള്ളി വഴി കൊല്ലം. സ്വീകരണവും പൊതുയോഗവും.

ജനുവരി 17: തട്ടാരമ്പലവും ഹരിപ്പാടും.

ജനുവരി 18: തകഴി, ചേർത്തല വഴി വൈക്കം. സ്വീകരണവും പൊതുയോഗവും

ജനുവരി 19: മിഷനറികളുമായി സംഭാഷണം. മഹിളാ സമ്മേളനവും പൊതുസമ്മേളനവും.
ഏറ്റുമാനൂർ മഹാദേവക്ഷേത്രം, കുമാരനല്ലൂർ ദേവീ ക്ഷേത്രം, തിരുവാർപ്പ് ക്ഷേത്രം തുടങ്ങിയവ സന്ദർശിച്ചു. കോട്ടയം സിഎംഎസ് കോളജിൽ മിഷനറിമാരുമായി ചർച്ച

ജനുവരി 20: ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, ആറന്മുള, പന്തളം.

ജനുവരി 21: കൊട്ടാരക്കര വഴി മദ്രാസിലേക്ക്.ഗാന്ധിയുടെ
പ്രഥമ തൃശൂർ സന്ദർശനത്തിൻ്റെ
99-ാം വാർഷിക ദിനത്തിൽ
സർവോദയ സംഘടനകളുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ സ്മരണ സദസ്സ് നടക്കും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്
നാലിന് ഗാന്ധിജി പ്രസംഗിച്ച മണികണ്ഠനാൽ പരിസരത്താണ് പരിപാടി.
Previous Post Next Post