പൂക്കോട് ക്യാംപസിൽ തിളങ്ങിയതിൽ അസൂയ; സിദ്ധാർഥനെ 8 മാസത്തോളം പ്രതികൾ പീഡിപ്പിച്ചു

പൂക്കോട് ക്യാംപസിൽ തിളങ്ങിയതിൽ അസൂയ; സിദ്ധാർഥനെ 8 മാസത്തോളം പ്രതികൾ പീഡിപ്പിച്ചു
 
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആന്‍റി-റാഗിങ് സ്ക്വാഡ്. സിദ്ധാർത്ഥൻ എട്ട് മാസത്തോളം തുടർച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിദ്ധാർത്ഥൻ ക്യംപസിൽ ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള യൂണിയൻ പ്രസിഡന്‍റ് അരുണിന്‍റെ മുറിയില്‍ പോയി ദിവസവും ഒപ്പുവയ്ക്കണം. ഇത്തരത്തിൽ എട്ട് മാസത്തോളം സിദ്ധാർത്ഥനെ ഇങ്ങനെ നിര്‍ബന്ധിതമായി ഒപ്പിടുവിച്ചുവെന്നാണ് സഹപാഠിയുടെ മൊഴി.സിദ്ധാർത്ഥനെ ഇത്തരത്തിൽ ഉപദ്രവിക്കാൻ കാരണം ക്യാംപസില്‍ തിളങ്ങുന്നതിലുള്ള അസൂയ കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായി സിദ്ധാര്‍ത്ഥൻ ക്യാംപസിൽ ജനകീയനായിരുന്നു

ഹോസ്റ്റലിന് സമീപത്തെ കുന്നിൻമുകളിൽ വച്ച് സിദ്ധാർത്ഥനെ മര്‍ദ്ദിക്കുമ്പോള്‍ പ്രതികൾക്കൊപ്പം ഒരു പെൺകുട്ടിയുണ്ടായിരുന്നുവെന്നും ആന്‍റി-റാഗിങ് സ്ക്വാഡിന്‍റെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഒന്നും ലഭ്യമല്ല. അതിനാല്‍ തന്നെ ഈ വിഷയം പൊലീസിന്‍റെ പരിഗണനയ്ക്ക് വിടുകയാണ്.


സിദ്ധാർത്ഥൻ മരിച്ച 18-ന് ഉച്ചയ്ക്ക് മുമ്പ് ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ബത്തേരിയിലും കല്‍പറ്റയിലും സിനിമ കാണാൻ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രതികൾ ഉൾപ്പെടെ ഉള്ളവരുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

166 വിദ്യാർഥികളിൽ നിന്നാണ് സ്ക്വാഡ് മൊഴിയെടുത്തത്. മർദ്ദനത്തിന് പിന്നാലെ ഹോസ്റ്റൽ മെസ്സിലെ കുക്ക് ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കോളേജിലെ സെക്യൂരിറ്റിയും മൊഴി നല്കാൻ എത്തിയില്ല. ഇതെല്ലാം സംശയങ്ങളുയര്‍ത്തുന്നു. കേസിൽ അറസ്റ്റിലായ ഇരുപത് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്. കേസ് സിബിഐക്ക് വിട്ടെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Previous Post Next Post