ഇന്ന് ലോക കേള്‍വിദിനം ; ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ക്ക് കേള്‍വിക്കുറവ്
പത്തനംതിട്ട | ഇന്ന് ലോക കേള്‍വി ദിനം. “മാറ്റാം ചിന്താ ഗതികള്‍, യാഥാർഥ്യമാക്കാം കർണ- ശ്രവണ പരിചരണം എല്ലാവരിലും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി വൈകല്യത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്നുണ്ട്.
ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ മാര്‍ഗ നിർദേശമനുസരിച്ച് ഓരോ ജില്ലയിലും ഓരോ സമ്പൂർണ കർണരോഗ നിര്‍ണയ ചികിത്സാ കേന്ദ്രങ്ങള്‍ വേണമെന്നാണ് കണക്ക്. എന്നാൽ കേരളത്തിൽ അഞ്ച് കേന്ദ്രങ്ങളാണ് ഓരോ ജില്ലയിലും പ്രവര്‍ത്തിച്ചുവരുന്നത്. കേള്‍വി സംരക്ഷണത്തിലും കേള്‍വിക്കുറവിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരള ബധിരതാ നിയന്ത്രണ പദ്ധതിക്ക് അംഗത്വം നല്‍കിയിട്ടുണ്ട്. ഇത് മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ്.
കേള്‍വിക്കുറവിനെക്കുറിച്ചും കര്‍ണ്ണ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും അതോടൊപ്പം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. കര്‍ണ സംബന്ധമായ രോഗാവസ്ഥകളെ വളരെ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.
ശ്രവണ വൈകല്യം നേരിടുന്ന ഏഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കാനായി സര്‍ക്കാര്‍ ശ്രുതിതരംഗം പദ്ധതി നടപ്പിലാക്കി വരുന്നു. കേള്‍വിക്കുറവുണ്ടെങ്കില്‍ അത് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.