നാവിക സേനക്ക് കവചം തീര്‍ക്കാന്‍ എം എച്ച് 60 ആർ ഹെലികോപ്റ്ററുകള്‍
ന്യൂഡൽഹി| ഇന്ത്യൻ നാവിക സേനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരാനായി യു എസിൽ നിന്നുള്ള എം എച്ച് 60 ആർ സീഹോക്ക് മൾട്ടി റോൾ ഹെലികോപ്റ്ററുകൾ സേനയുടെ ഭാഗമാകുന്നു. ഫോറിൻ മിലിറ്ററി സെയിൽസ് പദ്ധതിയുടെ ഭാഗമായാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ ആദ്യ എം എച്ച് 60 ആർ സ്‌ക്വാഡ്രൻ കമ്മീഷനിംഗിന് മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണങ്ങൾ കൊച്ചിയിലെ ഐ എൻ എസ് ഗരുഡയിൽ പുരോഗമിക്കുകയാണ്. ആറിന് ഐ എൻ എസ് ഗരുഡയിൽ ഹെലികോപ്റ്റർ നാവികസേന കമ്മീഷൻ ചെയ്യും.
അന്തർവാഹിനി യുദ്ധം, ഉപരിതല യുദ്ധം, സെർച്ച് ആൻഡ് റെസ്‌ക്യൂ, മെഡിക്കൽ ഇവാക്വേഷൻ (MEDEVAC), വെർട്ടിക്കൽ റീപ്ലനിഷ്‌മെന്റ് (VERTREP) എന്നിവക്കായാണ് ഹെലികോപ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളിൽ ആറണ്ണെമാണ് ആദ്യഘട്ടത്തിൽ ദക്ഷിണ നാവികസേനയുടെ ഭാഗമായത്.
2020 ഫെബ്രുവരിയിലാണ് അമേരിക്കയുമായി എം എച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്.
രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന ശത്രു രാജ്യത്തിന്റെ അന്തർവാഹിനികളെ മിനുട്ടുകൾക്കകം നശിപ്പിക്കാൻ ഇതിന് കഴിയും. നൂതന ആയുധങ്ങൾ, സെൻസറുകൾ, ഏവിയോണിക്‌സ് സ്യൂട്ടുകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ നാവികസേനയുടെ സമുദ്ര സുരക്ഷാ ആവശ്യങ്ങൾക്ക് ഇത് കൂടുതൽ ഫലപ്രദമാകും. ശത്രു താവളത്തിൽ കടന്നു ചെന്ന് ആക്രമണം നടത്തി ഒരു പോറലും ഏൽക്കാതെ മടങ്ങിയെത്താനും ഈ ഹെലികോപ്റ്ററിന് കഴിയും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സീഹോക്കിന്റെ വിന്യാസം നാവികസേനയുടെ സമുദ്ര സാന്നിധ്യം ശക്തിപ്പെടുത്തുകയും ഭീഷണികൾ ഒഴിവാക്കുകയും മേഖലയിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുമെന്ന് നാവികസേന അറിയിച്ചു.