അമേരിക്കയുടെ ഇരട്ടത്താപ്പ് ; ഇസ്‌റാഈലിന് 380 കോടി ഡോളറിന്റെ സൈനിക സഹായം

അമേരിക്കയുടെ ഇരട്ടത്താപ്പ് ; ഇസ്‌റാഈലിന് 380 കോടി ഡോളറിന്റെ സൈനിക സഹായം
വാഷിംഗ്ടൺ | റഫയിൽ ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്‌റാഈൽ ആക്രമണത്തിൽ ആശങ്ക പങ്കുവെക്കുമ്പോഴും മറുവശത്ത് ഇസ്‌റാഈലിന് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ കൈമാറാൻ അനുമതി നൽകി അമേരിക്കൻ ഭരണകൂടം. 380 കോടി ഡോളറിന്റെ വാർഷിക സൈനിക സഹായമാണിത്.
ബോംബുകളും യുദ്ധവിമാനങ്ങളും അടങ്ങുന്ന ആയുധങ്ങളാണ് അമേരിക്ക ഇസ്‌റാഈലിന് നൽകുന്നത്. എം കെ 84-2000 പൗണ്ട് ബോംബുകൾ, എം കെ 82- 500 പൗണ്ട് ബോംബുകൾ ഇസ്‌റാഇലിന് നൽകുമെന്ന് പെന്റഗൺ അറിയിച്ചു.
ബോംബ് വർഷിച്ചാൽ 300 മീറ്റർ അകലെ വരെയുള്ള ആളുകൾക്ക് നാശനഷ്ടം വരുത്താൻ സാധിക്കുന്ന മാരക ബോംബാണ് എം കെ 84- 2000 പൗണ്ട് ബോംബുകൾ.
അഞ്ച് മാസമായി തുടരുന്ന ഇസ്‌റാഈലിന്റെ ഏകപക്ഷീയമായ യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നതിനിടയിലും യുദ്ധ സാമഗ്രികൾ കൈമാറുന്ന അമേരിക്കൻ നടപടിക്കെതിരെ വ്യാപക വിമർശമാണുയരുന്നത്. ഈജിപ്തിനോട് ചേർന്ന റഫാ അതിർത്തിയിൽ 15 ലക്ഷത്തിലധികം ഫലസ്തീനികളാണ് അഭയം തേടിയിരിക്കുന്നത്.
അതേസമയം, ഗസ്സയിൽ മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കാനാകുന്നത് വരെ ഇസ്‌റാഈലിനുള്ള ആയുധ സഹായം നിർത്തിവെക്കണമെന്ന് ഏതാനും യു എസ് സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. നാണം കെട്ട നടപടിയാണിതെന്ന് യു എസ് സെനറ്റർ ബെർണി സാൻഡേഴ്‌സ് തുറന്നടിച്ചു.

82 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 82 പേർ കൊല്ലപ്പെടുകയും 98 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ബോംബ് ആക്രമണത്തിലെ പരുക്ക്, ക്യാൻസർ, ഡയാലിസിസ് രോഗികൾ എന്നിങ്ങനെ 9.000ത്തോളം രോഗികളെ ഗസ്സയിൽ നിന്ന് അടിയന്തരമായി വിദേശത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനൊം ഗബ്രിയേസസ് പറഞ്ഞു. ഗസ്സയിലാകെ പത്ത് ആശുപത്രികൾ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് രോഗികളാണ് ചികിത്സാ സൗകര്യമില്ലാതെ യാതന അനുഭവിക്കുന്നത്. റഫാ അതിർത്തി വഴി ഇതുവരെ 3,400 രോഗികളെ വിവിധ രാജ്യങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ഇതിൽ 2,198 പേർ ഇസ്‌റാഈൽ ആക്രമണത്തിൽ പരുക്കേറ്റവരും 1,215 പേർ ഗുരുതര രോഗ ബാധിതരുമാണ്.
Previous Post Next Post