ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്ട്ര റമസാന്‍ വോളിബോള്‍ ടൂര്‍ണമെന്റ്; മാര്‍ച്ച് 27 മുതല്‍ 31 വരെ അബൂദബിയില്‍

ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്ട്ര റമസാന്‍ വോളിബോള്‍ ടൂര്‍ണമെന്റ്; മാര്‍ച്ച് 27 മുതല്‍ 31 വരെ അബൂദബിയില്‍
അബൂദബി | അബൂദബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 24-ാമത് ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്ട്ര റമസാന്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2024 മാര്‍ച്ച് 27 മുതല്‍ 31 വരെ നടക്കും. എല്ലാ ദിവസവും രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. പ്രവേശനം സൗജന്യമായിരിക്കും.

അബൂദബി എയര്‍പോര്‍ട്ട് റോഡില്‍ എമിഗ്രേഷന്‍ ബ്രിഡ്ജിന് പിറകു വശത്തുള്ള ലിവ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് 27 ന് രാത്രി എട്ടിന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കേരള സോഷ്യല്‍ സെന്റര്‍ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

ഇന്ത്യ, യു എസ് എ, യു എ ഇ, ഇറാന്‍, പാക്കിസ്ഥാന്‍, ഈജിപ്ത്, ബ്രസീല്‍, കൊളംബിയ, ലെബനോണ്‍, ക്യൂബ, റഷ്യ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.

എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍, ഓണ്‍ലി ഫ്രഷ് ദുബൈ, പാല സിക്‌സ് മദീന ദുബൈ, ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ ടീം, ലിറ്റില്‍ സ്‌കോളര്‍ നഴ്‌സറി ദുബൈ, ഖാന്‍ ക്ലബ് എന്നീ ആറ് ടീമുകളാണ് കളിക്കളത്തില്‍ മാറ്റുരയ്ക്കുന്നത്. എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ എവര്‍ റോളിങ് ട്രോഫിയും 20,000 ദിര്‍ഹ (ഏകദേശം 4,52,000 രൂപ) വുമാണ് വിജയികള്‍ക്ക് സമ്മാനിക്കുക. അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹ (ഏകദേശം 3,39,000 രൂപ)വും റണ്ണേഴ്‌സപ്പിന് ലഭിക്കും.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍, ഒഫെന്‍ഡര്‍, ബ്ലോക്കര്‍, സെറ്റര്‍, ലിബറോ, ഭാവി വാഗ്ദാനമായ കളിക്കാരന്‍ എന്നിവര്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. ഇത് കൂടാതെ വോളിബോളിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡും നല്‍കിവരുന്നുണ്ട്.

വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം 1989 ലാണ് അബൂദബി കേരള സോഷ്യല്‍ സെന്റര്‍ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബാള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. ഓരോ വര്‍ഷം കഴിയുന്തോറും സെന്റര്‍ നടത്തുന്ന ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റിന്റെ പ്രശസ്തി വര്‍ധിച്ചുവരികയാണ്. രാജ്യാന്തര വോളിബോള്‍ താരങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനും അതോടൊപ്പം പ്രവാസി സമൂഹത്തിലെ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ഇത്തരം ടൂര്‍ണമെന്റുകള്‍ നിദാനമാകുന്നു. ഇന്‍ഡോ അറബ് ബന്ധത്തിന്റെ കൂടി അടയാളമാവുന്ന മേളക്ക് യു എ ഇയിലെ വിവിധ മന്ത്രാലയങ്ങളും കായിക സംഘടനകളും വലിയ പിന്തുണയാണ് നല്‍കിവരുന്നത്. ദുബൈ ഷെയ്ഖ് റാഷിദ് വോളിബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര ടൂര്‍ണമെന്റായി ജിമ്മി ജോര്‍ജ് സ്മാരക ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് കണക്കാക്കപ്പെടുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സി ഒ ഒ. സഫീര്‍ അഹമ്മദ്, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ടി എം സലിം, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി കെ സത്യന്‍, ഫൈനാന്‍സ് കണ്‍വീനര്‍ അഡ്വ. അന്‍സാരി സൈനുദ്ദീന്‍, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Previous Post Next Post