ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അറസ്റ്റിലായ കെ കവിതയെ 23വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബി ആര്‍ എസ് നേതാവ് കെ കവിതയെ മാര്‍ച്ച് 23വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി ഇ ഡി കോടതിയുടേതാണ് നടപടി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് കോടതിയില്‍ ഇ ഡി ്‌വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെ കവിതയുടെ വസതിയില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.പിന്നാലെയായിരുന്നു അറസ്റ്റ്. അര്‍ധരാത്രിയോടെ ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെത്തിച്ച കവിതയെ വൈദ്യ പരിശോധനക്കുശേഷമാണ് ഇന്ന് രാവിലെ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്.അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കവിത മാധ്യമങ്ങളോട് പറഞ്ഞു. കവിതയെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കവിതയുടെ വസതിക്കുള്ളില്‍ സഹോദരന്‍ കെ ടി രാമറാവുവും ഇ ഡി ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. കവിതക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന കോടതി നിര്‍ദേശം ഇ ഡി ലംഘിച്ചതായി ബി ആര്‍ എസ് ആരോപിച്ചു. അധികാര ദുര്‍വിനിയോഗമാണ് അറസ്റ്റെന്ന് കവിതയുടെ സഹോദരനും തെലങ്കാന മുന്‍ മന്ത്രിയുമായ കെ.ടി രാമ റാവു പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കവിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.അതേസമയം മദ്യനയ അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരവധി തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇ.ഡിയാണ് കോടതിയെ സമീപിച്ചത്.