200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചു കാണിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് മമത ബാനര്‍ജി

200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചു കാണിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് മമത ബാനര്‍ജി
കൃഷ്ണനഗര്‍ ( പശ്ചിമ ബംഗാള്‍ ) | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400ലധികം മണ്ഡലങ്ങളില്‍ വിജയം നേടുമെന്ന ബിജെപി പ്രഖ്യാപനത്തെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചുകാണിക്കാന്‍ അവര്‍ ബിജെപിയെ വെല്ലുവിളിച്ചു.

കൃഷ്ണനഗര്‍ മണ്ഡലത്തില്‍ മഹുവ മൊയിത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നും അവര്‍. ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് മഹുവ മൊയിത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതെന്നും മമത ബാനര്‍ജി പറഞ്ഞു.

400ലധികം നേടുമെന്നാണ് ബിജെപി പറയുന്നത്. 200 സീറ്റെന്ന കടമ്പ മറികടക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 ലധികം സീറ്റ് നേടുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ 77 സീറ്റില്‍ ഒതുങ്ങിയെന്നും മമത പറഞ്ഞു.
പശ്ചിമബംഗാളില്‍ ബിജെപിയെ സഹായിക്കാന്‍ സഖ്യത്തിലായതിന് കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും മമത വിമര്‍ശിച്ചു. ബംഗാളില്‍ ഇന്‍ഡ്യ സഖ്യമില്ല. കോണ്‍ഗ്രസും സിപിഐഎമ്മും ഇവിടെ പ്രവര്‍ത്തിക്കുന്നത് ബിജെപിക്കു വേണ്ടിയാണെന്നും മമത ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത ആവര്‍ത്തിച്ചു. പൗരത്വ ഭേദഗതിക്കായി അപേക്ഷിക്കുന്ന ജനങ്ങള്‍ക്ക് മമത മുന്നറിയിപ്പ് നല്‍കി. അപേക്ഷ നല്‍കുന്നതോടെ അവര്‍ വിദേശികളായി പരിഗണിക്കപ്പെടുമെന്നും അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതിക്കായി അപേക്ഷിക്കരുതെന്നും മമത അഭ്യര്‍ഥിച്ചു.
Previous Post Next Post