ഹൃദയ ശസ്ത്രക്രിയ; സര്‍ക്കാര്‍ നല്‍കാനുള്ളത് 143 കോടി

ഹൃദയ ശസ്ത്രക്രിയ; സര്‍ക്കാര്‍ നല്‍കാനുള്ളത് 143 കോടി
കോഴിക്കോട് | സംസ്ഥാനത്ത് ഗവ. മെഡി.കോളജുകളിലും ജില്ലാ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത് 143 കോടി രൂപ. ഹൃദയത്തിലെ ബ്ലോക്കുകള്‍ നീക്കുന്ന സ്റ്റെന്റ്, ഗൈഡ് വയര്‍, ബലൂണ്‍, കൃത്രിമ വാള്‍വ് തുടങ്ങിയ സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ 2023 ഡിസംബര്‍ വരെയുള്ള കുടിശ്ശികയുടെ കണക്കാണിത്.

കാരുണ്യ ബെനവലന്റ് സ്‌കീമിലൂടെയും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെയുമാണ് ഭൂരിഭാഗം ഉപകരണങ്ങളും നല്‍കിയത്. കോഴിക്കോട് (23,14,46,883), മഞ്ചേരി(2,82,87,006), തൃശൂര്‍(2,01,58,754),എറണാ കുളം(1,31,07,143),കോട്ടയം(17,55,04,469),ആലപ്പുഴ(7,79,42,782),കൊല്ലം (1,54,98,055),തിരുവനന്തപുരം (49,17,62,480) പരിയാരം (10,76,86,465) എന്നിങ്ങനെയാണ് വിവിധ മെഡിക്കല്‍ കോളജുകളിലെ കുടിശ്ശികയുടെ കണക്ക്. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലാ/ ഗവ. ആശുപത്രികളില്‍ നിന്നാണ് ബാക്കി കുടിശ്ശിക.

ഇങ്ങിനെ മെഡി.കോളജുകളില്‍ മാത്രം 116 കോടി 14 ലക്ഷം രൂപയും ജനറല്‍, ജില്ലാ ആശുപത്രികളിലായി 26 കോടി 95 ലക്ഷം രൂപയുമാണ് നല്‍കാനുള്ളത്. അതേസമയം, കുടിശ്ശിക തുക നല്‍കാത്തപക്ഷം അടുത്ത മാസം ഒന്ന് മുതല്‍ വിതരണം നിര്‍ത്തിവെക്കുമെന്ന് സ്റ്റെന്റ് കമ്പനികള്‍ ആശുപത്രി അധികൃതരേയും സര്‍ക്കാറിനേയും അറിയിച്ചിട്ടുണ്ട്. കമ്പനികളുടെ അസ്സോസിയേഷനായ ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്സ് ആന്‍ഡ് ഡിസ്പോസബിള്‍ ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും നടപടിയൊന്നുമായിട്ടില്ല.

ഔദ്യോഗികമായി ഒന്ന് മുതലാണ് വിതരണം നിര്‍ത്തിവെക്കുന്നതെങ്കിലും ഇപ്പോള്‍ തന്നെ കമ്പനികള്‍ സ്റ്റോക്ക് കുറച്ചിട്ടുണ്ട്. ഹൃദയസ്തംഭനം നേരിടുന്ന രോഗികള്‍ക്ക് കാത്ത്ലാബ് പരിശോധനക്കു ശേഷമാണ് ഏത് തരം സ്റ്റെന്റ് ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. ഓരോ ലാബിലും ഇതിന് വേണ്ടി വിവിധ അളവിലുള്ള സ്റ്റെന്റുകളാണ് കമ്പനികള്‍ സ്റ്റോക്ക് ചെയ്യേണ്ടത്. ഈ സ്റ്റോക്കിലാണ് ഇപ്പോള്‍ തന്നെ കമ്മി അനുഭവപ്പെട്ടത്. വിതരണം നിലക്കുന്നതോടെ സംസ്ഥാനത്തെ ഗവ. ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയ നിലക്കും.
Previous Post Next Post