കത്തുന്ന വേനലിൽ ആശ്വാസമേകാൻ വേനൽ മഴ എത്തുന്നു; 12 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

കത്തുന്ന വേനലിൽ ആശ്വാസമേകാൻ വേനൽ മഴ എത്തുന്നു; 12 ജില്ലകള്‍ക്ക് മുന്നറിയിപ്പ്
കത്തുന്ന വേനലിന് നേരിയ ആശ്വാസമായി കേരളത്തിലേയ്ക്ക് വേനൽ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്.

മാര്‍ച്ച് ഇതുവരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് വേനല്‍ മഴ ലഭിച്ച വര്‍ഷമാണ് ഇത്. ഈ വര്‍ഷം മാര്‍ച്ച് 18 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാമമാത്രമായ മഴ മാത്രമാണ് ലഭിച്ചത്. എങ്കിലും ഇത് മൊത്തത്തില്‍ ഒരു മില്ലി മീറ്റര്‍ മഴ പോലും ആയിട്ടില്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അതിനിടെ സംസ്ഥാനത്ത് താപനില കൂടുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തും എന്നാണ് മുന്നറിയിപ്പ്.
Previous Post Next Post