എറണാകുളം| ആലുവയിലെ കിന്‍ഫ്ര പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ച ജനപ്രതിനിധികള്‍ക്കെതിരെ കലാപഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ്. ഹൈബി ഈഡന്‍ എം പി, അന്‍വര്‍ സാദത്ത് എംഎല്‍എ, ഉമാ തോമസ് എംഎല്‍എ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തു. ആലുവയില്‍ നിന്ന് 45 എം.എല്‍.ഡി കുടിവെള്ള പൈപ്പ് ലൈന്‍ കിന്‍ഫ്രയുടെ വ്യാവസായിക ആവശ്യത്തിന് കൊണ്ടുപോകുന്നതിനെതിരെയാണ് പ്രതിഷേധിച്ചത്.
പൈപ്പ് ഇടാന്‍ എടുത്ത കുഴിയില്‍ ഇറങ്ങിയിരുന്നായിരുന്നു സമരം ചെയ്തത്. തോട്ടുമുഖത്ത് പോലീസ് സുരക്ഷയിലായിരുന്നു ഇന്നലെ രാവിലെ പൈപ്പിടല്‍ ആരംഭിച്ചത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ പൈപ്പിടല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആലുവയിലെ എടയപ്പുറം – കൊച്ചിന്‍ ബാങ്ക് റോഡിലും കുഴിയെടുത്ത് പൈപ്പിടല്‍ തുടങ്ങിയെങ്കിലും പ്രതിഷേധം ശക്തമായതോടെ താത്കാലികമായി ജോലി നിര്‍ത്തി. കഴിഞ്ഞ ആഴ്ച സമരം കാരണം പൈപ്പിടല്‍ തടസ്സപ്പെട്ടതോടെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കിന്‍ഫ്ര കത്ത് നല്‍കിയിരുന്നു.